
പട്ടിണി മാറ്റാന്‍ പണി തേടി കേരളത്തിലേക്ക് കുടിയേറി ജീവിക്കുന്ന മറുനാടന്‍ കൂലിത്തൊഴിലാളികളുടെ മക്കളിലാണ് മലയാളിക്ക് ഇനി മലയാളത്തെക്കുറിച്ച് എന്തെങ്കിലുമൊരു പ്രതീക്ഷയുള്ളത്. ഇവിടെ ഭാഷാമഹാത്മ്യം കൊട്ടിഘോഷിക്കുന്നവര്‍ക്ക് തങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തിയിലും എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സഹായിക്കാന്‍ ഒരവസരമാണ് മലപ്പുറം പുലാമന്തോള്‍ പാലൂര്‍ എഎല്‍പി സ്‌കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന ഒരു ആസാം പണിക്കാരന്റെ മകള്‍ ഹിമാദ്രി മാജി. പുതിയ അദ്ധ്യയനവര്‍ഷം മാജിയാണ് നമുക്കൊരു മാതൃകയാവേണ്ടതാണ് ബിജു മുത്തത്തി എഴുതുന്നു
പാലക്കാടിനെയും മലപ്പുറത്തെയും പകുത്തൊഴുകുന്ന തൂതപ്പുഴയുടെ കരയിലാണ് പുലാമന്തോളും അതിന്റെ ഉള്‍ഗ്രാമമായ പാലൂരും. മലയാണ്മയുടെ പ്രകൃതിയിലും പച്ചപ്പിലും ചവിട്ടി പാലൂരിലെ കുട്ടികള്‍ വയല്‍ കടന്ന് പോകുന്ന പ്രഭാതകാഴ്ച്ച ഏതൊരു മലയാളിയെയും തങ്ങളുടെ പൂര്‍വ്വകാലവിദ്യാലയസ്മരണകളിലേക്ക് കൈപിടിച്ച് നടത്തിക്കും. അതൊരു നാടന്‍ ഗൃഹാതുരക്കാഴ്ച്ചയെന്നതിനപ്പുറം മധ്യവര്‍ഗ്ഗനഗരവര്‍ഗ്ഗ മലയാളിക്കുട്ടികളൊന്നും ഇപ്പോള്‍ അങ്ങനെയൊന്നുമല്ല സ്‌കൂളില്‍ പോകുന്നതെന്ന് എല്ലാവര്‍ക്കുമറിയാം!. പക്ഷേ കൃഷിക്കാരന്റെയും കര്‍ഷകത്തൊഴിലാളിയുടെയും ചുമട്ടുകാരന്റെയും മീന്‍പിടുത്തക്കാരന്റെയും ചെരുപ്പുകുത്തിയുടെയും ദളിതന്റെയും പിന്നോക്കക്കാരന്റെയും ആദിവാസിയുടെയും മക്കളെ ഒന്നിച്ചിരുത്തി പഠിപ്പിച്ച കേരളത്തിലെ പൊതുവിദ്യാലയം എന്നൊരു മഹാപ്രസ്ഥാനത്തിന്റെ കഥകഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കാനെന്നോണം ഇങ്ങനെ ചില ആശ്വാസക്കാഴ്ച്ചകള്‍ ഇപ്പോഴും നാട്ടിമ്പുറങ്ങളില്‍ കാണാം. മലയാളം ഒരു ഭാഷയായാണോ അല്ല ഒരു ബാധ്യതയായാണോ ഈ കുട്ടികള്‍ ഇക്കാലത്ത് ചുമക്കുന്നതെന്ന് നിശ്ചയമില്ല. എന്തായാലും മക്കളെ മലയാളത്തില്‍ നിന്നും മലയാളം പള്ളിക്കൂടങ്ങളില്‍ നിന്നും അകറ്റി വളര്‍ത്തുന്നതില്‍ വലിയ രഹസ്യാഭിമാനങ്ങളുള്ള മലയാളിസമൂഹത്തിന് നടുവില്‍നിന്നാണ് അകലെ ആസാമില്‍ നിന്നെത്തിയ ഒരു ആസാമീസ് പെണ്‍കുട്ടി മലായാളിയേക്കാള്‍ മലയാളിത്തത്തിന്റെ വടിവും ഉച്ചാരണശുദ്ധിയുമായി കടന്നു വരുന്നത്.
എറണാകുളം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അന്യഭാഷാത്തൊഴിലാളികള്‍ ജോലി ചെയ്യുന്നത് മലപ്പുറത്താണ്. അന്യഭാഷയെന്നോ അന്യസംസ്ഥാനമെന്നോയുള്ള പ്രയോഗത്തിനുതന്നെ പ്രസക്തിയില്ലാത്ത വിധം അവരിന്ന് കേരളത്തിന്റെ മാറിയ സാമൂഹ്യഘടനയുടെ ഭാഗമാണ്. കായികാദ്ധ്വാനമില്ലാതെ ചുളുവില്‍ പണം നേടാനാവുന്നതുകൊണ്ടും മേലനങ്ങി വിയര്‍ത്തു പണിചെയ്യുന്നതിനുള്ള പൊതുവൈമുഖ്യങ്ങള്‍ കൊണ്ടും അവരെ നമുക്ക് എപ്പോഴും ഇങ്ങനെ വെയിലത്ത് നിര്‍ത്താനാവുന്നുവെന്നു മാത്രം. പക്ഷേ പ്രവാസികളുടെ ദുഖവും വേദനയും നിരാശയുമെല്ലാം സാഹിത്യവും രാഷ്ട്രീയ നിവേദനവുമാക്കുന്നവര്‍ അതൊക്കെ ഇവിടെയെത്തുന്ന മറുനാട്ടുകാരുടെയും അവകാശമാണെന്ന് മനസ്സിലാക്കുന്നില്ലെന്നതാണ് സത്യം. അവരുടെ വീട്, കുടുംബം, വിശപ്പ്, രോഗം, കുട്ടികളുടെ പഠിപ്പ് തുടങ്ങി പലതും അന്വേഷിക്കാന്‍ നമ്മള്‍ മറന്നു പോകുന്നു. പുലാമന്തോള്‍ കവലയില്‍ ജോലിക്ക് കാത്തുനില്‍ക്കുന്ന അനേകം അന്യഭാഷാ മുഖങ്ങളില്‍ നിന്ന് ഞങ്ങള്‍ അഭിലാഷ് മാജി എന്ന ആസാമീസ് യുവാവിനെ അന്വേഷിച്ചെങ്കിലും കണ്ടില്ല. അതുകൊണ്ടാണ് അയാള്‍ പണിക്കിറങ്ങുമ്പോള്‍ തന്നെ കൂടെ സ്‌കൂളിലേക്കും ഇറങ്ങുന്ന മകള്‍ ഹിമാദ്രി മാജിയെ തേടി നേരെ പാലൂര്‍ എഎല്‍പി സ്‌കൂളിലേക്ക് പോയത് . ഈ വര്‍ഷം മാജി നാലാം ക്‌ളാസിലേക്കാണെന്ന് അധ്യാപകര്‍ പറഞ്ഞു. അവളുടെ മലയാളം വൈഭവം ചോദിച്ചപ്പോള്‍ ആദ്യം കുറച്ച് നാണം കാണിച്ചെങ്കിലും പിന്നെ ക്‌ളാസുമുറിയിലെന്ന പോലെ അറ്റന്‍ഷനായി നിന്ന് ചൊല്ലിത്തന്നു, സുഗതകുമാരിയുടെ ‘കണ്ണനെക്കണ്ടോ’യും എവി ശ്രീകണ്ഠപ്പൊതുവാളിന്റെ ‘എന്റെ തോട്ട’വും.
2011ലാണ് അസമിലെ ഗുലാഘട്ടില്‍ നിന്നും അഭിലാഷ് മാജിയും ഭാര്യ പുരോബിയും മകള്‍ ഹിമാദ്രിമാജിയുമടങ്ങുന്ന കൊച്ചുകുടുംബം പുലാമന്തോളില്‍ എത്തിയത്. പൊതുവേ ഇതരഭാഷാത്തൊഴിലാളികളൊന്നും തങ്ങളുടെ കുടുംബത്തെ അന്യനാട്ടിലേക്ക് കൂടെക്കൂട്ടുന്ന പതിവില്ല. അപ്പോഴാണ് അഭിലാഷ് മാജി മകളെ പാലൂരിലുള്ള മലയാളം വിദ്യാലയത്തില്‍ ചേര്‍ത്ത് കൂട്ടത്തില്‍ മറ്റൊരാളായത്. ഹയര്‍സെക്കന്‍ഡറി വരെ പഠിച്ചിട്ടുള്ള അഭിലാഷിനും പുരോബിക്കും കേരളം വിദ്യാഭ്യാസകാര്യങ്ങളില്‍ കാണിക്കുന്ന ശ്രദ്ധ ആരും പ്രത്യേകിച്ച് പറഞ്ഞു കൊടുക്കേണ്ടതുണ്ടായിരുന്നില്ല. ഹിമാദ്രി മാജി വളരെ പെട്ടെന്നു തന്നെ മലയാളം പഠിച്ച് പാലൂരിന്റെ കൊച്ചുമോളായി. കാഴ്ച്ചയിലും അവളൊരു വള്ളുവനാടന്‍ കുട്ടിയായി തന്നെ തോന്നിച്ചു. മലയാളം കൈയ്യെഴുത്തിലും ഉച്ചാരണത്തിലും അവള്‍ മറ്റ് മലയാളിക്കുട്ടികളേക്കാള്‍ മുന്നിലെത്തി.
ജമീല ബീവി ടീച്ചറാണ് സ്‌കൂളിലെ പ്രധാനാധ്യാപിക . ഈ വര്‍ഷം റിട്ടയര്‍ചെയ്യുമ്പോള്‍ ഇങ്ങനെയൊരു വിദ്യാഭ്യാസ നിയോഗം സാധ്യമായതിന്റെ സംതൃപ്തിയല്ലാതെ തനിക്കിനി മറ്റൊന്നും വേണ്ടെന്ന് പറഞ്ഞ് ടീച്ചര്‍ കുട്ടിയെ കൂട്ടിപ്പിടിച്ചു. ”നേരെ രണ്ടാം ക്‌ളാസിലേക്കാണ് മാജിയെ ചേര്‍ത്തത്. പ്രമോദ്മാഷായിരുന്നു ക്‌ളാസ്ട്ടീച്ചര്‍. മാഷും മാജിയും ആ ക്‌ളാസില്‍ ഒരു യുദ്ധം തന്നെയായിരുന്നു. പ്രമോദ് മാഷിന് ഒട്ടും ആസ്സാമിയോ ഹിന്ദിയോ അറിയില്ല. മാജിക്ക് ഒട്ടും മലയാളവും. പക്ഷേ യുദ്ധം ഒടുവില്‍ വിജയിച്ചു. രണ്ടാം കളാസില്‍ വെച്ചുതന്നെ അവള്‍ നന്നായി മലയാളം പഠിച്ചു. കൈയ്യെഴുത്തും കേമം. മൂന്നാം ക്‌ളാസിലെത്തിയപ്പോള്‍ കൂടുതല്‍ മിടുക്കിയായി അവള്‍ മലായാളം മത്സരങ്ങളില്‍ ഒന്നാമതായി. അതിന്റെ എല്ലാ ക്രഡിറ്റും പ്രമോദ് മാഷിനും കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമാണ്. ആയിടക്ക് കുട്ടിയെക്കുറിച്ചുള്ള ഒരു ലോക്കല്‍ പേജ് പത്രവാര്‍ത്ത ഇതുവഴി തീവണ്ടിയില്‍ പോവുകയായിരുന്ന പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ ശ്രദ്ധിച്ചു. പന്മന ഏര്‍പ്പെടുത്തിയ നല്ലഭാഷാ പുരസ്‌കാരം അങ്ങിനെ ഹിമാദ്രിമാജിക്ക് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും. സ്‌കൂളില്‍ നിന്ന് നമ്മള്‍ ടീച്ചര്‍മാരെല്ലാം മാജിയുടെ കൂടെ പോയി അവാര്‍ഡ് വാങ്ങി. പിന്നെ എറണാകുളത്തു നിന്നും പാലക്കാടുനിന്നും മലപ്പുറത്തു നിന്നുമെല്ലാം സമ്മാനങ്ങള്‍ വന്നു തുടങ്ങി. പാലൂര്‍ സ്‌കൂളിന്റെ പ്രശസ്തി ഇപ്പോള്‍ ഈ മിടുക്കിക്കുട്ടിയാണ്.” ജമീലട്ടീച്ചര്‍ നിര്‍ത്തിയിടത്തു നിന്ന് വേണുമാഷ് പറഞ്ഞു തുടങ്ങി. വേണുമാഷ് സ്ഥലത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും പ്രധാനപ്രവര്‍ത്തകനാണ്. ചെറുകാടിന്റെ നാടാണിതെന്ന് പറഞ്ഞ് വേണുമാഷ് സ്ഥലത്തെ സാംസ്‌കാരിക പ്രധാന്യങ്ങളിലൂടെയും ഒന്ന് ചുറ്റിയടിച്ച് പറഞ്ഞ് മാജിയിലുമെത്തി. ”മാജി ഒരു മാതൃകയാണ്. നമ്മുടെ നാട്ടില്‍ വേറെയും അന്യസംസ്ഥാനക്കുട്ടികള്‍ പഠിക്കുന്നുണ്ട്. മുക്കത്തു നിന്നൊക്കെ കുട്ടിക്കടത്തിന്റെ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നില്ലേ. പലര്‍ക്കും ഡിവിഷന്‍ തികയ്ക്കാന്‍ ഒരു എളുപ്പമാര്‍ഗ്ഗമാണ് ഇതൊക്കെ. അതു പോലെയല്ല മാജിയുടെ പഠനം. അദ്ധ്വാനശീലവും വിദ്യാഭ്യാസവുമുള്ള ഒരു അന്യഭാഷാ ചെറുപ്പക്കാരന്‍ തന്റെ മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സ്വയം സന്നദ്ധനായി മുന്നോട്ട് വരുകയായിരുന്നു. ഈ നാടും സ്‌കൂളുമെല്ലാം അയാള്‍ക്ക് എല്ലാ പിന്തുണയും നല്‍കി. അതീ നാടിന്റെ നന്മയാണ്. ഈ നാടിന്റെ രാഷ്ട്രീയമാണ്. ഈ നാട്ടിലെ മിക്കവാറും അധ്യാപകരുടെയും ജീവനക്കാരുടെയും കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. മാജി മലയാളം പഠിക്കുമ്പോള്‍ മലയാളത്തിന് മുഖം തിരിഞ്ഞു നടന്നവര്‍ക്കും അതൊരു മുഖത്തടിയാണ്. മാജിമാരിലൂടെയാണെങ്കിലും മലയാളവും ഇങ്ങനെയുള്ള പാവം വിദ്യാലയങ്ങളും ഇവിടെ നിലനില്‍ക്കുമായിരിക്കും. വിദ്യാഭ്യാസത്തിന്റെ കച്ചവടക്കാലത്ത് ബദല്‍ സാധ്യതകളുടെ ഒരു വലിയ ആലോചനക്ക് ഈ ആസാമീസ് കുട്ടി നമുക്കൊരു നിയോഗമാവുകയാണെന്ന് കരുതിയാല്‍ മതി.’ മാഷ് പറഞ്ഞതൊന്നും മനസ്സിലാവാത്ത മട്ടില്‍ അപ്പോള്‍ ഹിമാദ്രി മാജി അയാളുടെ മുഖത്തേക്കു തന്നെ നോക്കി നില്‍പ്പുണ്ടായിരുന്നു.
എന്തായാലും, ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമില്‍ നിന്നും കേരളത്തിലെത്തിയ ഒരു കൂലിപ്പണിക്കാരന്റെ മകള്‍ മലയാളം സ്വന്തം മാതൃഭാഷ പോലെ പഠിച്ച് മലയാളിയെ അമ്പരപ്പിക്കുമ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ മലയാളം ഒരു ശ്രേഷ്ഠഭാഷയാകുന്നത്. നമ്മുടെ പാലങ്ങളും പാതകളും കെട്ടിടങ്ങളും കെട്ടിപ്പൊക്കുന്ന ജനതയിലൂടെ തന്നെ നമ്മുടെ ഭാഷയും പൊതുവിദ്യാലയങ്ങളും നിലനിന്നുകണ്ടാല്‍ അതും വലിയൊരു സൗകര്യമാകുമല്ലോ മലയാളിക്ക്. കോഴിക്കോട് മുക്കത്തെ മനുഷ്യക്കടത്തിന്റെ വാര്‍ത്തയുടെ മുന നീളുന്നത് ചില മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളിലേക്കാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് മറ്റുള്ളവരും ഇത് നല്ലൊരു മാര്‍ക്കറ്റിംഗ് സാധ്യതയായി കണ്ടു കൂടെന്നുമില്ല. അതുകൊണ്ട് സ്ഥലം കേരളമാകുമ്പോ!ഴും വിഷയം വിദ്യാഭ്യാസമാകുമ്പോ!ഴും മക്കളെ പഠിപ്പിക്കാനിറങ്ങുന്ന അന്യഭാഷക്കാര്‍ക്കു മുന്നില്‍ ഭാവിയില്‍ പല പ്രലോഭനങ്ങളും കാത്തിരിക്കാനുണ്ടാകും. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ ഇംഗ്‌ളീഷിന്റെ ബോര്‍ഡ് വെച്ചാണ് പല മലയാളം പൊതുവിദ്യാലയങ്ങളും തദ്ദേശീയ രക്ഷിതാക്കളെപ്പോലും ആകര്‍ഷിക്കുന്നത്. അവിടെ വിദ്യാഭ്യാസമെന്ന ഒറ്റ പ്രലോഭനം മാത്രമേ തങ്ങള്‍ക്കുണ്ടായു!ള്ളൂവെന്ന് പറയുന്നു വിനീതമായ ഭാഷയില്‍ ഹിമാദ്രി മാജിയുടെ അമ്മ പുരോബി. പുരോബിക്ക് ആസ്സാമീസ് അല്ലാതെ മറ്റൊരു ഭാഷയുമറിയില്ല. ഹിമാദ്രിക്ക് ആസ്സാമീസും മലയാളവും തെളിവെള്ളം പോലെയറിയാവുന്നതുകൊണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും തര്‍ജ്ജമചെയ്ത് കുറച്ചുനേരത്തേക്കെങ്കിലും ഒരു ദ്വിഭാഷിയുടെ ഗുണം ചെയ്തു ഈ മിടുക്കി പെണ്‍കുട്ടി. പുരോബി ആസ്സാമിയില്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്. ‘അഭിലാഷ് മാജി കേരളത്തില്‍ ജോലിയെടുക്കുന്നത് കുറച്ചു വര്‍ഷങ്ങളായി. അതുകൊണ്ട് മലയാളം സംസാരിക്കാനറിയാം. മകളുടെ പഠിപ്പുമായി ബന്ധപ്പെട്ടാണ് അമ്മ പുരോബി നാട്ടില്‍ വന്നത്. എന്നാല്‍ പുരോബിക്ക് മലയാളം പഠിക്കാന്‍ നാലുവര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ല. ആസ്സാമില്‍ ഇവരുടെ കുടുംബവും ബന്ധുക്കളുമുണ്ട്. പഠിക്കാന്‍ മോഹമുണ്ടായിരുന്നെങ്കിലും പ്രാരാബ്ധങ്ങള്‍ കാരണം അഭിലാഷും പുരോബിയും ഹയര്‍സെക്കന്‍ഡറിയില്‍ പഠനം നിര്‍ത്തി. അതുകൊണ്ട് മകള്‍ക്കെങ്കിലും നല്ല വിദ്യാഭ്യാസമാണ് ഇപ്പോഴത്തെ ജീവിതലക്ഷ്യം. മകള്‍ പഠിക്കാന്‍ മിടുക്കിയായതുകൊണ്ട് ഒരു ഭാഷയും അവള്‍ക്ക് പ്രശനമാവില്ല, പിന്നെ കുട്ടിയുമാണല്ലോ അതുകൊണ്ട് മലയാളം സ്‌കൂളില്‍ ചേര്‍ത്തു. വലിയ സ്‌കൂളില്‍ ചേര്‍ക്കാനൊന്നുമുള്ള വരുമാനമില്ല. ഒരാള്‍ ജോലി ചെയ്താണ് കുടുംബം മുന്നോട്ടു പോവുന്നത്. അഭിലാഷിന് ദിവസം 500രൂപ കൂലി കിട്ടും. അതില്‍നിന്നാണ് വീട്ടുവാടകയും മകളുടെ പഠിപ്പുമുള്‍പ്പെടെ ചെലവുകള്‍ സകലതും നിവര്‍ത്തിക്കേണ്ടത്. കുട്ടിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ അതായത് ഹയര്‍സെക്കന്‍ഡറി കഴിഞ്ഞാല്‍ അസമിലേക്ക് തന്നെ തിരിച്ചു പോകണമെന്നുണ്ട്. മകള്‍ ഡോക്ടര്‍ ആകണമെന്നാണ് ആഗ്രഹം. എന്നാല്‍ മകള്‍ക്ക് ഐപിഎസ്സുകാരിയാകാനാണ് ആഗ്രഹം. പാലൂരുകാര്‍ നല്ല മനുഷ്യരാണ്. അതിന് നന്ദിയുണ്ട്.’
ആസ്സാം പണിക്കാര്‍ എന്ന വൈലോപ്പിള്ളിയുടെ കവിത വായിച്ചിട്ടില്ലാത്തവര്‍ക്ക് ആസ്സാംപണിക്കാര്‍ എന്നാല്‍ ഇവിടെ ഇപ്പോള്‍ ആസ്സാമില്‍ നിന്നും പണിക്കു വന്നവരാണ്. പണ്ട് സിലോണിലേക്കും മലായിയിലേക്കും പോകാന്‍ പാങ്ങില്ലാത്ത മലയാളികള്‍ കത്തിയാളുന്ന വിശപ്പുമായി ആസ്സാമിലേക്ക് തീവണ്ടികയറിയ ജീവിതകവിതയാണെതെന്ന് അറിയുന്നവര്‍ക്ക് ആ ചരിത്രം തിരിച്ചിട്ടതുപോലൊരു കാലത്തായാലും ഒരു ആസ്സാമിയെയോ ബിഹാറിയെയോ മറ്റൊരാളായി അടര്‍ത്തിക്കാണാനാവില്ല. സംഘടിതത്തൊഴിലാളി വര്‍ഗ്ഗമെന്നാല്‍ സംഘടിത ബംഗാളിവര്‍ഗ്ഗമാണെന്നത് പ്രാസത്തിന് മാത്രമല്ല ഇപ്പോള്‍ ശരിയാവുക. പില്‍ക്കാലത്ത് ഗള്‍ഫില്‍ അറബിയുടെ കാല്‍ക്കീഴില്‍ പണിയെടുത്തവരും നാടുവിട്ടവന്റെ നെഞ്ചുവേദനയറിയുന്നവനുമാണെങ്കില്‍ ഒരാള്‍ക്കും ഇവിടെ മറുനാട്ടുകാരന്റെ വേദന നോക്കി കാലുയര്‍ത്താനാവില്ല. മലയാളം ഒരു ഭാഷയല്ല ഒരു സംസ്‌കാരവും രാഷ്ട്രീയവുമാണെന്ന് മറുനാട്ടുകാര്‍ തിരിച്ചറിയുന്നത് അങ്ങിനെയാണ്. മലയാളം സ്വന്തം മാതൃഭാഷപോലെ തന്നെ വലിയൊരു ജീവിതഭാഷയാണെന്ന് ഹിമാദ്രി മാജിയെന്ന ഈ ആസ്സാമീസ് കുട്ടിക്കും കുടുംബത്തിനെങ്കിലും ബോധ്യമായെങ്കില്‍ അതാണ് ഈ നാടിന്റെ ശ്രേഷ്ഠത. അതുകൊണ്ട് അസമിലെ ഗുലാഘട്ടില്‍ അവള്‍ പഠിച്ച എക്‌നോ ഭുളുഗുരി പ്രാഥമിക് വിദ്യാലയത്തില്‍ നിന്ന് പാലൂരിലെത്തിയപ്പോള്‍ പഠിച്ചത് തീര്‍ച്ചയായും വെറുമൊരു ഭാഷ മാത്രമാവില്ല.
പട്ടിണി മാറ്റാന്‍ പണി തേടി കേരളത്തിലേക്ക് കുടിയേറി ജീവിക്കുന്ന മറുനാടന്‍ കൂലിത്തൊഴിലാളികളുടെ മക്കളിലാണ് ഇനി മലയാളിക്ക് മലയാളത്തെക്കുറിച്ച് എന്തെങ്കിലുമൊരു പ്രതീക്ഷയുള്ളതെന്ന് പറയേണ്ടിവരും. അത്രമാത്രം മലയാളിക്കുട്ടികള്‍ മലയാളത്തോടും മലയാളം വിദ്യാലയങ്ങളോടും നല്ല നമസ്‌കാരം പറഞ്ഞുപോയിട്ടുണ്ട്. സര്‍ക്കാര്‍ അവഗണന ഒരു ഔദ്യോഗികാചാരമായിരിക്കെ മലയാളത്തിന് ഇനി എന്ത് ശ്രേഷ്ഠപദവികിട്ടിയിട്ടും കാര്യവുമില്ല. അപ്പോഴാണ്, പിറന്ന നാട് വിട്ട് പണ്ട് അകലെ ആസാമിലെ തേയിലത്തോട്ടത്തിലേക്ക് പണിക്കുപോയ ആ പഴയ മലയാളിയുടെ പിന്മുറക്കാര്‍, അറിഞ്ഞുകൊണ്ടു തന്നെ അവഗണിക്കുന്ന സ്വന്തം മാതൃഭാഷയെ വീണ്ടെടുക്കാന്‍ ഇവിടെ മലപ്പുറം പുലാമന്തോളിലെങ്കിലും ഒരു അസാം പണിക്കാരന്റെ ഒമ്പതു വയസ്സായ മകള്‍ മാതൃകയാവുന്നത്. മലയാളം ഒരു ഭാഷയായും ജീവിതമായും സംസ്‌കാരമായും ഇവിടെ ജീവിച്ചുകാണേണ്ടത് കുറേ മലയാളം എഴുത്തുകാരുടെയും പുസ്തകകച്ചവടക്കാരുടെയും ഭാഷാദിനപത്രങ്ങളുടെയും വ്യാജ വിലാപങ്ങള്‍ക്കുമപ്പുറം മറ്റെന്തെങ്കിലുമാണെങ്കില്‍ നമ്മള്‍ ആദ്യം തുടങ്ങേണ്ടുന്ന ഭാഷാ സ്‌നേഹം ഇവിടെ ഒരു തൊഴില്‍ സുരക്ഷയും ജീവിത സുരക്ഷയുമില്ലാതെ ചത്തുപണിയെടുക്കുന്ന അന്യഭാഷാതൊഴിലാളിയെ മാനിച്ചു കൊണ്ടാകണം. ഒപ്പം തന്നെ, മലയാളത്തെക്കുറിച്ച് വലിയ വായില്‍ ആഹ്വാനം മുഴക്കുന്നവര്‍ തങ്ങളുടെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും എന്തെങ്കിലും ഒരു അര്‍ത്ഥം കണുന്നുണ്ടെങ്കില്‍ അവര്‍ക്ക് ചെറുതായെങ്കിലും സഹായിക്കാനുള്ള അവസരമാണ് ഹിമാദ്രി മാജിയെന്ന ഈ ആസ്സാമീസ് പെണ്‍കുട്ടി. അവള്‍ മലയാളത്തിന്റെ ദത്തുപുത്രിയാണ്. കേരളം ഒരു ബഹുസാംസ്‌കാരിക സമൂഹമായി പരിണമിക്കുമ്പോള്‍ ഭാഷാധ്യയനലോകത്തും അവള്‍ നമുക്ക് പഠിക്കാനുള്ള സൂചികയാണ്.
ഞങ്ങള്‍ പാലൂര്‍ എഎല്‍പി സ്‌കൂളില്‍ നിന്നിറങ്ങുമ്പോള്‍ മൂന്നാം ക്‌ളാസിലെ കേരളാ പാഠാവലിയിലെ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രത്തില്‍ നിന്നും ഒരു ഭാഗം ഹിമാദ്രി മാജി വായിക്കുന്നത് ദൂരെ നിന്നും കേള്‍ക്കാമായിരുന്നു. ആസ്സാമിലായിരുന്നെങ്കില്‍ അവള്‍ പഠിക്കേണ്ടി വരിക ഒരുപക്ഷെ ആ സ്ഥാനത്ത് ശ്രീമാന്ത ശങ്കര്‍ദേവനെക്കുറിച്ചാകും. ആസ്സാമിലെ ശ്രീനാരായാണഗുരുവാണ് ശങ്കര്‍ദേവന്‍. എന്നിട്ടെന്ത് അവിടെ ഇപ്പോള്‍ ആസ്സാമികളേക്കാള്‍ സൈന്യത്തിനാണ് പ്രത്യേകാവകാശങ്ങള്‍. പക്ഷേ ഹിമാദ്രിക്ക് അതോന്നുമറിയില്ല. മുടിഞ്ഞ പ്രവാസത്തിന്റെയും പലായനത്തിന്റെയും അറിയാത്ത കാരണങ്ങളെക്കുറിച്ച് അവളുടെ അച്ഛനമ്മമാര്‍ പിന്നീട് പറഞ്ഞുകൊടുക്കുമായിരിക്കും. പക്ഷേ ഹിമാദ്രിക്ക് ആ വേദനകള്‍ പിന്തുടരേണ്ട കാര്യമില്ല. അവള്‍ക്ക് അവളുടെ സ്വപ്നങ്ങളുണ്ട്. മലയാളം പഠിക്കുന്ന ഒരു ഭാഷയ്ക്കപ്പുറം അവളെ മതിമറന്ന് സ്‌നേഹിക്കുന്നുവെന്ന മതിപ്പുണ്ട്. കേരളം തികഞ്ഞ ഒരു പാലൂരാണെന്ന് പ്രതീക്ഷിക്കാന്‍ തീര്‍ച്ചയായും അവള്‍ക്ക് ന്യായങ്ങളുമുണ്ട്.
പണ്ട് ആസാമിലെ തേയിലത്തോട്ടങ്ങളും നീലത്തോട്ടങ്ങളും, പിന്നെ മഹാനഗരങ്ങളും മഹാസമുദ്രങ്ങളും താണ്ടി വിശുദ്ധപ്രവാസം ജീവിതമാക്കിയവരാണ് മലയാളികള്‍. പക്ഷേ അവര്‍ക്കെല്ലാം തിരിച്ചുവരുമ്പോള്‍ ഇവിടെയൊരു ഭാഷയും ഗൃഹാതുരതകൊള്ളാന്‍ ഒരു നാടും ബാക്കിവേണമെങ്കില്‍ അതിനുവേണ്ടിയും പഠിക്കുന്നതും പണിയെടുക്കുന്നതും ഇവിടുത്തെ ആഭ്യന്തര ദരിദ്രപ്രവാസികളാണെന്ന കാര്യം മറക്കരുത്. അതുകൊണ്ട് പോയ മനുഷ്യരിലല്ല വരുന്ന മനുഷ്യരിലാണ് മലയാളിക്ക് ഇനി വലിയ ഉത്തരവാദിത്തമുളളത്. ആസാമില്‍ നിന്നും ബീഹാറില്‍നിന്നും ബംഗാളില്‍ നിന്നും യുപിയില്‍ നിന്നും പണിതേടിയെത്തുന്ന പാവങ്ങള്‍ കെട്ടിപ്പൊക്കുന്ന വേറൊരു കേരളവും മലയാളവും വളരുകയാണെന്ന മഹാകാവ്യങ്ങളാണ് ഇനി ഇവിടെ പിറക്കേണ്ടതും. മലയാളിയുടെ സഹജമായ പരപുച്ഛവും പരിഹാസവും പരിഹാരമില്ലാത്ത സംശയദൃഷ്ടിയും മാറ്റിവെച്ചാല്‍ നമ്മള്‍ തന്നെ മറ്റൊരുനാട്ടില്‍ ജീവിക്കുന്ന ജീവിതമാണ് നമ്മുടെ മുറ്റത്ത് കാണുന്നതെന്ന് നമുക്ക് തിരിച്ചറിയാനായേക്കും. അപ്പോള്‍ നമ്മുടെ തന്നെ കുട്ടികള്‍ മറ്റുനാടുകളില്‍ പഠിക്കുന്ന ഭാഷയും ജീവിതവുമാണ് ഹിമാദ്രി മാജി എന്ന ആസാമീസ് പെണ്‍കുട്ടി ഇവിടെയും പഠിക്കുന്നത്. അപ്പോളവള്‍ നമ്മുടെ കുട്ടിയല്ലാതെ മറ്റാരുടെ കുട്ടിയാണ്?.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here