അരുവിക്കരയില്‍ വോട്ടിനായി കോണ്‍ഗ്രസിന്റെ സാരി വിതരണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി

അരുവിക്കര: ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ വോട്ടിനായി സാരി വിതരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സാരി വിതരണം നടന്നത്. സെറ്റു സാരികളാണ് അരുവിക്കര ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്ത്രീകള്‍ക്കു വിതരണം ചെയ്തത്. സാധാരണക്കാരായ സ്ത്രീകളെ വിളിച്ചുവരുത്തിയ ചടങ്ങില്‍ സാരി വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വാര്‍ഡ് കൗണ്‍സിലര്‍ റഷീദയുടെ വീട്ടിലാണ് സാരി വിതരണം നടന്നത്. ഡിസിസി അംഗം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്റെ വാര്‍ഡ് കണ്‍വന്‍ഷന്‍ എന്ന പേരില്‍ വിളിച്ചുചേര്‍ത്ത ചടങ്ങിലാണ് സാരി വിതരണം ചെയ്തത്. നിങ്ങള്‍ക്ക് ഒരു ഉപഹാരമുണ്ടെന്ന് എന്ന പേരില്‍ ഓരോരരുത്തരെയും വിളിച്ചു സെറ്റ് സാരി നല്‍കുന്ന ദൃശ്യങ്ങളാണ് പീപ്പിള്‍ ടി വി പുറത്തുവിട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേര് ഉച്ചരിക്കുന്ന ശബ്ദഭാഗങ്ങളും ദൃശ്യങ്ങളിലുണ്ട്.

അരുവിക്കര തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നു വഴിവിട്ട നീക്കങ്ങളുണ്ടാകുമെന്നു സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിയപ്പോഴാണ് ഉഴമലയ്ക്കലില്‍ സാരി വിതരണം നടക്കുന്നതായി വിവരം അറിഞ്ഞത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരാണെന്നു പറയാതെയെത്തിയ സംഘം ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സാരി വാങ്ങിയവര്‍ കോണ്‍ഗ്രസ് നേതാക്കളെ കൈകൂപ്പി ആദരിക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.

അരുവിക്കര നിയോജകമണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. പിന്നാക്ക വിഭാഗക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മുന്‍തൂക്കമുള്ള മേഖലകളിലാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നത്. സാരിക്കു പുറമേ മദ്യവും പണവും ഒഴുക്കാനുള്ള സാധ്യതയും ഏറെയാണെന്നും സൂചനയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അരുവിക്കര. മുമ്പു പട്ടിണിമരണം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബോണക്കാട് എസ്‌റ്റേറ്റ് അടക്കം അരുവിക്കര മണ്ഡലത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News