ഗാർഹിക പീഡനം; സോമനാഥ് ഭാരതിക്കെതിരെ ഭാര്യയുടെ പരാതി

ന്യൂഡൽഹി: ആംആദ്മി എംഎൽഎയും മുൻമന്ത്രിയുമായ സോമനാഥ് ഭാരതിക്കെതിരെ ഗാർഹികപീഡനത്തിന് പരാതി. സോമനാഥിനെതിരെ ഭാര്യ ലിപികാ ഭാരതിയാണ് പരാതിയുമായി ഡൽഹി വനിതാ കമ്മീഷനെ സമീപിച്ചത്. സോമനാഥിനോട് ജൂൺ 26ന് ഹാജരാകണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

2010 മുതൽ സോമനാഥ് തന്നെ ഗാർഹികപീഡനത്തിനിരയാക്കുന്നുണ്ടെന്നും തനിക്ക് വിവാഹമോചനമാണ് ആവശ്യമെന്നും ലിപികമ വനിതാ കമ്മീഷൻ മുമ്പാകെ പറഞ്ഞു. കുട്ടികൾക്കൊപ്പം ജീവിക്കാനാണ് തനിക്ക് താൽപര്യമെന്നും അവർ കമ്മീഷനെ അറിയിച്ചു. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നും ഇതിന് പിന്നിൽ മറ്റാരോ ആണെന്നും സോമനാഥ് ഭാരതി പ്രതികരിച്ചു. വാർത്തകൾ തന്നെ ഞെട്ടിച്ചെന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സോമനാഥ് കേരളത്തിൽ പറഞ്ഞു.

അരവിന്ദ് കേജരിവാളിന്റെ 49 ദിന ആംആദ്മി മന്ത്രിസഭയിലെ നിയമവകുപ്പ് മന്ത്രിയായിരുന്ന സോമനാഥ് ഭാരതി. മാളവ്യ നഗർ മണ്ഡലത്തിലെ എംഎൽഎ കൂടിയാണ് സോമനാഥ്. തെക്കൻ ഡൽഹിയിൽ ആഫ്രിക്കൻ യുവതികൾ താമസിക്കുന്ന കോളനിയിൽ അർദ്ധരാത്രി റെയ്ഡ് നടത്തിയ സംഭവത്തിൽ സോമനാഥ് ഏറെ വിമർശിക്കപ്പെട്ടിരുന്നു.

വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസിൽപ്പെട്ട ജിതേന്ദ്ര സിംഗ് തോമറിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സോമനാഥിനെതിരെ ഉയർന്ന ആരോപണം. ആംആദ്മി പാർട്ടിയെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here