ഭുവനേശ്വർ: യുവതിയെ ഗർഭിണിയാക്കി സംഭവത്തിൽ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത പോലീസുകാരെ ചേരിനിവാസികൾ മർദ്ദിച്ചു. ഒഡീഷ ഹാൽഡിപ്പാടയിലെ ഒരു കൂട്ടം ചേരിനിവാസികളാണ് ലക്ഷ്മിസാഗർ സ്‌റ്റേഷനിലെ പോലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇൻസ്‌പെക്ടർ ഇൻ ചാർജ് രജത് റേ, എസ്.ഐ അശോക് ഹൻസ്ഡ എന്നിവർക്ക് നേരെയായിരുന്നു സ്ത്രീകളുൾപ്പെടെയുള്ളവരുടെ മർദ്ദനം.
ചേരിനിവാസി കൂടിയായ സന്തോഷ് ജെന എന്നയാൾ ചേരിയിലെ തന്നെ പെൺകുട്ടിയെ ഗർഭിണിയാക്കിയെന്നാണ് കേസ്. പരാതിയുമായി പെൺകുട്ടിയുടെ രക്ഷിതാക്കൾ സ്‌റ്റേഷനിൽ എത്തിയിരുന്നെങ്കിലും പോലീസുകാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലായിരുന്നു. അടുത്ത ദിവസം സന്തോഷ് ജെന തന്റെ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊല്ലാൻ ശ്രമിച്ചു. വിവരമറിഞ്ഞ നാട്ടുകാർ സന്തോഷിനെ കെട്ടിയിട്ട് മർദ്ദിച്ചിരുന്നു. ഈ വിവരം അറിഞ്ഞ് അദ്ദേഹത്തെ രക്ഷപ്പെടുത്താൻ എത്തിയ പോലീസുകാരെയാണ് ചേരിനിവാസികൾ മർദ്ദിച്ചത്. മർദ്ദനത്തിനിടെ പോലീസുകാരെ ഓവുചാലിൽ ജനങ്ങൾ തള്ളിയിടുകയും ചെയ്തു.
സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 28 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങൾ പുറത്ത് വിട്ട ചിത്രങ്ങൾ സോഷ്യൽമീഡിയ വഴി ചർച്ചയായതോടെയാണ് സംഭവം വിവാദമായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here