കരിപ്പൂര്‍ വിമാനത്താവളം കേരള പൊലീസിന്റെ സുരക്ഷാ വലയത്തില്‍; പ്രവര്‍ത്തനം സാധാരണനിലയിലേക്ക്

കൊണ്ടോട്ടി: വ്യവസായ സംരക്ഷണ സേനാ(സിഐഎസ്എഫ്)ംഗങ്ങളും അഗ്നിശമന രക്ഷാ സേനാംഗങ്ങളും ഏറ്റുമുട്ടിയ കരിപ്പൂര്‍ വിമാനത്താവളം സാധാരണ നിലയിലേക്ക്. ഏറ്റുമുട്ടലിനെത്തുടര്‍ന്നു പത്തു മണിക്കൂര്‍ അടച്ചിട്ട ശേഷമാണ് വിമാനം രാവിലെ ഏഴരയോടെ തുറന്നത്. വിമാനത്താവളത്തിന്റെ സുരക്ഷ കേരള പൊലീസിനെ ഏല്‍പിച്ചു. പ്രശ്‌നപരിഹാരമായതോടെ ദമാമില്‍നിന്നുള്ള വിമാനം കരിപ്പൂരില്‍ ഇറങ്ങി. സംഭവത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. കേന്ദ്ര നടപടിയുണ്ടാകുമെന്നാണ് സൂചന.

ഉത്തരമേഖലാ എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ഇന്നലെ രാത്രി പത്തോടെയാണ് പ്രവേശനപ്പാസിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫും അഗ്നിശമന രക്ഷാ സേനാംഗങ്ങളും ഏറ്റുമുട്ടയത്. ഏറ്റുമുട്ടലില്‍ സിഐഎസ്എഫ് ജവാനായ ജയ്പാല്‍ യാദവ് വെടിയേറ്റു മരിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ഇന്നു കേസെടുക്കും. ജയ്പാല്‍ യാദവിന്റെ മരണത്തില്‍ കൊലപാതക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

KARIPUR-AIRPORT

ഏറ്റുമുട്ടലിനെത്തുടര്‍ന്നു വിമാനത്താവളം രാത്രി പത്തരയോടെ അടയ്ക്കാന്‍ വിമാനത്താവള അഥോറിട്ടി തീരുമാനിക്കുകയായിരുന്നു. അതീവ സുരക്ഷാ മേഖലയിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നു കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങള്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പുലര്‍ച്ചെയോടെ നെടുമ്പാശേരിയിലേക്കു തിരിച്ചുവിട്ടു. സിഐഎസ്എഫ് ജവാന്‍മാരും അഗ്നിശമനസേനാംഗങ്ങളും ഏറ്റുമുട്ടിയതിനു പിന്നാലെ ഇരു വിഭാഗവും പ്രതിഷേധവുമായി വിമാനത്താവളം ഉപരോധിക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങളും സിഐഎസ്എഫുകാരും റണ്‍വേയിലിരുന്നു ഉപരോധിച്ചു.

ഇതിനിടയില്‍ രണ്ടു വിമാനങ്ങള്‍ കരിപ്പൂരിന്റെ ആകാശത്തെത്തിയെങ്കിലും റണ്‍വേയില്‍ ഉപരോധം നടക്കുന്നതിനാല്‍ നെടുമ്പാശേരിയിലേക്കു തിരിച്ചുവിടുകയായിരുന്നു. ഇവിടെയിറങ്ങിയ വിമാനത്തിലെ യാത്രക്കാരെ എയര്‍പോര്‍ട് അഥോറിട്ടിയുടെയും വിമാനക്കമ്പനികളുടെയും പൊലീസിന്റെയും വാഹനങ്ങളില്‍ സ്വദേശങ്ങളിലെത്തിച്ചു. യാത്രക്കാര്‍ക്കു ബദല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതിരുന്നതു കുറച്ചു സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് പൊലീസിന്റെയും എഎഐയുടെയും വിമാനക്കമ്പനികളുടെയും വാഹനങ്ങളില്‍ ഇവരെ സ്വദേശങ്ങളിലേക്കെത്തിച്ചത്.

KARIPURR-2

പുലര്‍ച്ചെ അഞ്ചരയോടെ എഡിജിപി ശങ്കര്‍ റെഡ്ഡി കരിപ്പൂരിലെത്തി സമവായ ചര്‍ച്ച ആരംഭിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷ കേരള പൊലീസ് ഏറ്റെടുക്കുന്നതായി അറിയിച്ചതിനെത്തുടര്‍ന്നു പ്രവര്‍ത്തനം തുറന്നു പ്രവര്‍ത്തിക്കാനാമെന്ന് എയര്‍പോര്‍ട്ട് അഥോറിട്ടി അറിയിച്ചു. ഇന്നു രാവിലെ ഷാര്‍ജയിലേക്കും ദുബായിലേക്കും പുറപ്പെടുന്ന വിമാനങ്ങള്‍ക്കായി ചെക്കിന്‍ നടപടികള്‍ ആരംഭിക്കാന്‍ അതതു കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. പുലര്‍ച്ചെ ആറരയോടെ കരിപ്പൂരിന്റെ ആകാശത്തെത്തിയ ദമാം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ഏഴുമണിയോടെ ലാന്‍ഡിംഗിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കി. തുടര്‍ന്ന് അരമണിക്കൂറിനു ശേഷം വിമാനം ഇറങ്ങി. എട്ടുമണിയോടെ ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും ഇറങ്ങി. ആറു മണിയോടെ ഷാര്‍ജ, ദുബായ് വിമാനങ്ങള്‍ക്കായി യാത്രക്കാര്‍ക്കായി ബോര്‍ഡിംഗ് പാസുകള്‍ നല്‍കിത്തുടങ്ങി. ഒമ്പതു മണിയോടെയായിരിക്കും ഇരു വിമാനങ്ങളും പുറപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here