കൊറിയറില്‍ കൊക്കെയിന്‍ വരുത്തി; ചെന്നൈയില്‍ സിഇഒ അറസ്റ്റില്‍

ചെന്നൈ: കൊറിയറില്‍ കൊക്കെയിന്‍ വരുത്തി കൈവശം വച്ച സിഇഒയെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഇ പബ്ലിഷിംഗ് സ്ഥാപനമായ ജോവേ ഇന്ത്യയുടെ സിഇഒ സഞ്ജീവ് ഭട്‌നാഗറാണ് അറസ്റ്റിലായത്. ഇയാളില്‍നിന്നു 3.88 ഗ്രാം കൊക്കെയിന്‍ പിടിച്ചെടുത്തു. വിപണിയില്‍ ഇരുപതിനായിരം രൂപ വിലമതിക്കുന്നതാണ് ഇത്.

എസ്എംപികെ കാര്‍ഗോ എന്ന കൊറിയര്‍ കമ്പനി മുഖേനയാണ് ഭട്‌നാഗര്‍ വിദേശത്തുനിന്നു കൊക്കെയിന്‍ വരുത്തിച്ചത്. കൊക്കെയിനാണ് കൊറിയറില്‍ എന്നു മനസിലാക്കിയ കമ്പനി പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് മൂന്നോടെ വാള്‍ ടാക്‌സ് റോഡിലുള്ള കൊറിയര്‍ ഓഫീസില്‍ പാര്‍സല്‍ എടുക്കാനെത്തിയ ഭട്‌നാഗറെയും ഡ്രൈവര്‍ പി തുളസിയെയും പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉച്ചയ്്ക്ക് ഒരു മണിയോടെ താരാമണി റോഡിലെ രാജീവ്ഗാന്ധി ശാലയിലുള്ള ഓഫീസില്‍നിന്നു പുറത്തേക്കു പോയ സഞ്ജീവ് ഭട്‌നാഗര്‍ തിരികെ വരാതിരുന്നതിനെത്തുടര്‍ന്നു വൈകുന്നേരത്തോടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സഞ്ജീവും തുളസിയും നര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ പിടിയിലാണെന്നു വ്യക്തമായത്.

ഒരു വെബൈസൈറ്റ് മുഖേനയാണ് കൊക്കെയിന് ഓര്‍ഡര്‍ ചെയ്തതെന്ന് സഞ്ജീവ് പൊലീസിനു മൊഴി നല്‍കി. ഒരു വര്‍ഷമായി ഇത്തരത്തില്‍ പലതവണ മയക്കുമരുന്നു സഞ്ജീവ് വരുത്തിയതായും പൊലീസ് കണ്ടെത്തി. ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ റേവ് പാര്‍ട്ടികളില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായാണ് പൊലിസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധനയ്ക്കാണ് വരും ദിവസങ്ങളില്‍ പൊലീസ് പദ്ധതിയിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here