സോഷ്യല്‍മീഡിയയില്‍ മേയുമ്പോള്‍ സൂക്ഷിക്കുക; കൂടുതല്‍ സോഷ്യലായാല്‍ പണി പോകും

സോഷ്യല്‍മീഡിയയില്‍ വിഹരിക്കാത്തവരില്ല. എന്തിനും ഏതിനും സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റിട്ടില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ലോകത്തെല്ലായിടത്തുമുണ്ട് ഇത്തരക്കാര്‍. ഇത്തരക്കാരുടെ അറിവിലേക്ക് ഒരു കാര്യം. സോഷ്യല്‍മീഡിയിയിലെ ചില കമന്റുകള്‍ക്കു വലിയ വില നല്‍കേണ്ടിവരും. നിങ്ങളുടെ കരിയര്‍ തന്നെ നശിപ്പിക്കാന്‍ പോന്നതായിരിക്കും സോഷ്യല്‍ മീഡിയയിലെ ചില ഇടപെടലുകളെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതുകൊണ്ട് ഒരു പോസ്റ്റ് ഇടും മുമ്പ് താഴെപ്പറയുന്ന കാര്യങ്ങളെങ്കിലും ആലോചിക്കുന്നതാണ് നല്ലത്.

റെസ്യൂമിനു പകരം സോഷ്യല്‍മീഡിയ
ഇപ്പോള്‍ ലോകത്തെ പല സ്ഥാപനങ്ങളിലും ജോലിക്ക് അപേക്ഷ അയയ്ക്കുമ്പോള്‍ എച്ച് ആര്‍ വിഭാഗം മറ്റൊന്നും കൂടി അന്വേഷിക്കും. സോഷ്യല്‍മീഡിയയിലെ പ്രൊഫൈലുകള്‍. ഇതു കൂടി നോക്കിയാലേ ഉദ്യോഗാര്‍ഥിയുടെ റെസ്യൂം പൂര്‍ണമാകൂവെന്നാണ് പുതിയ നിഗമനം. ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിച്ചാല്‍ പോലും സോഷ്യല്‍മീഡിയയിലെ ഒരു മോശം ഇടപെടല്‍ നിങ്ങളുടെ ജോലി നഷ്ടപ്പെടുത്തിയേക്കാം. അതുകൊണ്ട്, സ്വന്തം ഇമേജിന് ഇളക്കും തട്ടുന്നതോ തീവ്രമായി നിലപാടുകള്‍ പ്രകടിപ്പിക്കുന്നതോ ഒക്കെയായ പോസ്റ്റുകള്‍ നിങ്ങളുടെ ഉദ്യോഗദാതാവിന് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ട് ഇത്തരം പോസ്റ്റുകള്‍ക്കു പ്രൈവസി സെറ്റിംഗ്‌സുണ്ടെന്നുറപ്പാക്കുകയും കഴിയവതും ഇത്തരം ഇടപെടലുകള്‍ ഒഴിവാക്കുകയും ചെയ്യണം. സുഹൃത്തുക്കളോടൊന്നിച്ചു മദ്യപിക്കുന്ന ദൃശ്യങ്ങളാണ് എച്ച് ആര്‍ വിഭാഗക്കാതെ ഏറ്റവും അനിഷ്ടക്കാരാക്കുന്നതെന്നും അടുത്തകാലത്ത് വിവിധ റിക്രൂട്ടര്‍മാരുടെ ഇടയില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. നിലപാടുകളെക്കുറിച്ചു നിലവിട്ടുള്ള സംസാരങ്ങള്‍, രാഷ്ട്രീയവും മതപരവും ആയ അമിതമായ ചര്‍ച്ചകള്‍, മുന്‍ കമ്പനികളിലെ ഉദ്യോഗസ്ഥരെയും മാനേജ്‌മെന്റിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ എന്നിവ തൊഴിലവസരം നഷ്ടപ്പെടുത്തുമെന്നു തന്നെയാണ് റിക്രൂട്ടര്‍മാര്‍ പറയുന്നത്.

പ്രൊഫൈലില്‍ നുണ പറയേണ്ട

ലിങ്ക്ഡിനില്‍ അംഗമാണോ എന്നതാണ് കമ്പനികളിലെ എച്ചആര്‍ വിഭാഗം പരിശോധിക്കുന്ന മറ്റൊരു കാര്യം. പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കുകളില്‍ എത്രത്തോളം സജീവമാണോ അത് ഉദ്യോഗക്കാര്യത്തില്‍ ഗുണം ചെയ്യും. സ്വന്തം പ്രവര്‍ത്തന മേഖലയിലെ എത്ര വിദഗ്ധരും പരിചയസമ്പന്നരും തമ്മില്‍ ബന്ധമുണ്ടെന്നതും റിക്രൂട്ടര്‍മാരും എച്ച് ആറും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇവിടെയും അനാവശ്യ ബന്ധങ്ങളുണ്ടാക്കുന്നവര്‍ കരുതിയിരിക്കണം. പഠിച്ച സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ഥി ഗ്രൂപ്പുകളിലെ അംഗത്വവും നിര്‍ണായകമാണ് ആശയവിനിമയത്തിലെ കാര്യക്ഷമത ഇങ്ങനെയും കമ്പനികള്‍ അളക്കാറുണ്ട്. ലിങ്ക്ഡിനിലെയും ഫേസ്ബുക്കിലെയുമൊക്കെ പ്രൊഫഷണല്‍ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ നുണ പറയാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്വന്തം വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവും സത്യസന്ധമായിത്തന്നെ എഴുതണം. ഫേസ്ബുക്കില്‍ അധിക സമയം ചെലവഴിക്കുകയും ലിങ്ക്ഡിനില്‍ നിര്‍ജീവമാകുകയും ചെയ്യന്നതും റിക്രൂട്ടര്‍മാര്‍ നോക്കിവയ്ക്കും.

പോസ്റ്റുകള്‍ ബ്രാന്‍ഡിംഗാകും

സോഷ്യല്‍മീഡിയയില്‍ എന്തിടുന്നോ അതു ബ്രാന്‍ഡ് ചെയ്യപ്പെടാന്‍ വഴിയൊരുക്കും. എന്തെങ്കിലും സ്വാധീനത്തില്‍ പോസ്റ്റുകള്‍ ഇടുന്നതില്‍ തെറ്റില്ല. പക്ഷേ, സ്ഥിരമായി ആര്‍ക്കെങ്കിലും സ്വാധീനിക്കാവുന്നവരാണ് എന്ന തോന്നലുണ്ടാക്കുന്നതു നല്ലതല്ല. ഒരു കമ്പനിയില്‍ ജോലിക്കു കയറിയാല്‍ ഒരോ ജീവനക്കാരും ആ ബ്രാന്‍ഡിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ചില കമന്റുകള്‍ കമ്പനിയുടെ നിലപാടു കൂടി പരിഗണിച്ചുവേണമെന്നാണ് കോര്‍പറേറ്റ് റിക്രൂട്ടര്‍മാര്‍ പറയുന്നത്. കമന്റിട്ടില്ലെങ്കില്‍ കുഴപ്പമില്ല, എന്നാല്‍ കുഴപ്പമുണ്ടാക്കുന്ന കമന്റുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയെന്നാണ് റിക്രൂട്ടിംഗ് ലോകത്തെ പ്രമുഖര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here