പതിമൂന്നാം വയസില്‍ അണ്ഡാശയം നീക്കിയ പെണ്‍കുട്ടിക്ക് 15 വര്‍ഷത്തിന് ശേഷം കുട്ടി ജനിച്ചു; വൈദ്യശാസ്ത്രം മറ്റൊരു നേട്ടത്തില്‍

ലണ്ടന്‍: പതിമൂന്നുവയസുള്ളപ്പോള്‍ ചികിത്സയുടെ ഭാഗമായി അണ്ഡാശയം നീക്കം ചെയ്ത പെണ്‍കുട്ടിക്കു പതിനഞ്ചു വര്‍ഷത്തിനു ശേഷം കുട്ടി ജനിച്ചു. നീക്കം ചെയ്തു സൂക്ഷിച്ച അണ്ഡാശയത്തിലെ കോശങ്ങള്‍ ഉപയോഗിച്ചു അണ്ഡോല്‍പാദനം പുനരാരംഭിച്ചാണ് വൈദ്യശാസ്ത്രം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയത്. ഇതോടെ, ലോകത്ത് ഇത്തരത്തില്‍ കുട്ടിക്കു ജന്മം നല്‍കുന്ന ആദ്യത്തെ സ്ത്രീയായി കോംഗോ സ്വദേശിയായ ഇവര്‍ മാറി.

പതിമൂന്നു വയസും പതിനൊന്നു വയസും പ്രായമുള്ളപ്പോഴാണ് ഇവരില്‍നിന്ന് അണ്ഡാശയം നീക്കം ചെയ്തത്. അരിവാള്‍ രോഗം എന്നറിയപ്പെടുന്ന സിക്കിള്‍ സെല്‍ അനീമിയ ബാധിച്ചതോടെ പെണ്‍കുട്ടിയില്‍ സഹോദരന്റെ മജ്ജ മാറ്റിവച്ചു. ചികിത്സയുടെ ഭാഗമായി കീമോത്തെറാപ്പി വേണ്ടിവന്നു. സഹോദരന്റെ മജ്ജ ശരീരം നിരാകരിക്കാതിരിക്കാന്‍ വേണ്ടി രോഗപ്രതിരോധ സംവിധാനത്തെ നിര്‍ജീവമാക്കുന്നതിനായിരുന്നു ഇത്. ചികിത്സയുടെ ഭാഗമായി അണ്ഡാശയം നീക്കുകയും കോശങ്ങള്‍ ഫ്രീസ് ചെയ്തു സൂക്ഷിക്കുകയും ചെയ്തു.

അണ്ഡാശയമില്ലാതെയാണ് പെണ്‍കുട്ടി പിന്നീട് ജീവിച്ചത്. ആര്‍ത്തവവും ഉണ്ടായിരുന്നില്ല. പതിനഞ്ചുവയസായപ്പോള്‍ പെണ്‍കുട്ടിക്കു ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. നാലു വര്‍ഷം മുമ്പു പെണ്‍കുട്ടി വിവാഹിതയായി. ഇതേത്തുടര്‍ന്നു വീണ്ടും ഹോര്‍മോണ്‍ ചികിത്സയാരംഭിച്ചു. ബ്രസല്‍സിലെ ആശുപത്രിയിലായിരുന്നു ചികിത്സ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രീസ് ചെയ്തു സൂക്ഷിച്ച അണ്ഡാശയ കോശങ്ങള്‍ പെണ്‍കുട്ടിയില്‍ പുനസ്ഥാപിച്ചായിരുന്നു ചികിത്സ. അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ആര്‍ത്തവം പുനരാരംഭിക്കുകയും അണ്ഡങ്ങള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കുകയും ചെയ്തു. സ്വാഭാവിക രീതിയില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ നവംബറിലാണ് കുട്ടിക്കു ജന്മം നല്‍കിയത്. പക്ഷേ, നിരീക്ഷണത്തിന്റെ ഭാഗമായി വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

അമ്മയും കുട്ടിയും സുഖകരമായി ജീവിക്കുന്നതിന്റെയും പ്രസവശേഷം യുവതിയുടെ ആര്‍ത്തവം പുനരാരംഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് വിവരം ഡോക്ടര്‍മാര്‍ പുറത്തുവിട്ടത്. യുവതിക്കു വീണ്ടും കുട്ടികള്‍ക്കു ജന്മം നല്‍കാനാവുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ മൂലവും മറ്റും അണ്ഡാശയം നീക്കുന്നവര്‍ക്കു ഭാവിയില്‍ കുട്ടികള്‍ക്കു ജന്മം നല്‍കാനാവുന്ന രീതിയില്‍ മുന്നേറ്റമുണ്ടാക്കാനായത് വൈദ്യശാസ്ത്രത്തിന്റെ നേട്ടമായാണ് ലോകം വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News