ഫേസ്ബുക്കില്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; ആല്‍ബത്തില്‍നിന്നു ഫോട്ടോ മോഷ്ടിച്ച് അശ്ലീല വീഡിയോയാക്കുന്ന വൈറസ് പരക്കുന്നു

വൈറസുകള്‍ കുറേകണ്ടിട്ടുണ്ട്… പക്ഷേ, ഇങ്ങനെയൊരെണ്ണം ആദ്യമാണ്. ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങള്‍ മോഷ്ടിച്ച് അശ്ലീല വീഡിയോയാക്കി പ്രചരിക്കുകയാണ് പുതിയ വൈറസ്. മുമ്പു മെസേജിന്റെ രൂപത്തിലാണ് വൈറസ് വന്നിരുന്നതെങ്കില്‍ ഇക്കുറി ടാഗ് ചെയ്താണ് അക്രമമെന്ന പ്രത്യേകതയുമുണ്ട്. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണെന്നുറപ്പാക്കിയില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ നാണംകെടുമെന്നാണ് സൈബര്‍ ക്രൈം വിദഗ്ധരുടെ മുന്നറിയിപ്പ്. ഫേസ്ബുക്ക് പ്രൊഫൈലിലുള്ള മറ്റുള്ളവരുടെ ചിത്രങ്ങളെ മോര്‍ഫ് ചെയ്താണ് വൈറസ് ആക്രമണം നടത്തുന്നത്.

ഒരാഴ്ചയ്ക്കുള്ളിലാണ് ലോകമാകെ കിളിം മാല്‍വേര്‍ കുടുംബത്തില്‍നിന്നുള്ള വൈറസ് പരന്നത്. ഇന്ത്യയിലും കേരളത്തിലും പലര്‍ക്കും ഈ വൈറസ് ഈ ദിവസങ്ങളില്‍ കിട്ടി. ഇതു നിങ്ങളുടെ വീഡിയോയാണ് കാണുക എന്ന തലവാചകത്തോടെ വരുന്ന വീഡിയോ തുറന്നാല്‍ നമ്മുടെ ഫേസ് ബുക്കിലുള്ള പലരുടെയും മുഖത്തോടു കൂടിയ അശ്ലീല ദൃശ്യങ്ങളാണ് സ്‌ക്രീനില്‍ തെളിയുക. അന്തംവിട്ടിരിക്കുന്നതിനിടയില്‍ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുകയും കംപ്യൂട്ടറിലെ അടിയന്തരപ്രാധാന്യമുള്ള വിവരങ്ങള്‍ കവരുകയും ചെയ്യുന്ന വൈറസ് ആക്രമണം നടത്തിക്കഴിഞ്ഞിരിക്കും.

ഈ വീഡിയോയില്‍ ക്ലിക്ക് ചെയ്താല്‍ ആമസോണ്‍ വെബ് സര്‍വീസസ് പേജ് എന്ന മറ്റൊരു യുആര്‍എല്ലിലേക്കായിരിക്കും റീഡയറക്ട് ചെയ്യപ്പെടുക. ഇതും അപകടകരമായ വൈറസുകള്‍ പരക്കാന്‍ ഇടയാക്കുന്നതാണെന്നു സൈബര്‍ ക്രൈം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ടാഗുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ തന്നെ അതു ഡിലീറ്റ് ചെയ്തശേഷം അക്കൗണ്ടിന്റെ പാസ് വേഡും ഫേസ്ബുക്കില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന മറ്റ് ആപ്ലിക്കേഷനുകള്‍ റീ ലോഡ് ചെയ്യുകയും ചെയ്യണമെന്നാണ് വിദഗ്ധരുടെ ഉപദേശം. വൈറസിനെക്കുറിച്ചു ഇന്ത്യയിലെ സൈബര്‍ ക്രൈം വിഭാഗം അമേരിക്കയിലെ ഫേസ്ബുക്ക് ആസ്ഥാനത്തു വിവരം അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News