അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഇന്ന് മരിച്ചത് രണ്ട് കുഞ്ഞുങ്ങൾ

പാലക്കാട്: അട്ടപ്പാടി ആദിവാസി കോളനിയിൽ ഒരു കുഞ്ഞ് കൂടി മരിച്ചു. ഷോളയാർ പുതുർ കോളനിയിലെ വള്ളി- അനന്തകുമാർ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് ഉച്ചയോടെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ മരിച്ചത്. രാവിലെ താഴെ അബ്ബണൂർ ഊരിലെ വളളി മണി ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞും മരിച്ചിരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ബുധനാഴ്ച നടന്ന പ്രസവത്തിൽ വളളി മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. 750 ഗ്രാം മാത്രം തൂക്കമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്.

വിവിധ പാക്കേജുകൾ നടപ്പാക്കുന്നതിനിടയിലാണ് അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്നത്. 10 ദിവസത്തിനിടെ രണ്ടാമത്തെ ശിശുമരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച നടന്ന പ്രസവത്തിൽ വളളി മൂന്ന് കുട്ടികൾക്കാണ് ജന്മം നൽകിയത്. മറ്റ് രണ്ട് കുട്ടികൾക്കും തൂക്കകുറവുണ്ട്. ഒരു കുഞ്ഞിന് ഒരു കിലോയും രണ്ടാമത്തെ കുട്ടിയ്ക്ക് 900 ഗ്രാമുമാണ് ഭാരം.

പോഷകാഹാര പ്രശ്‌നങ്ങളും തൂക്കകുറവുമാണ് ശിശുമരണത്തിനിടയാക്കുന്നത്. ഷോളയൂർ തൂവ ഊരിലെ ജ്യോതിമണി വെളളിങ്കിരി ദമ്പതികളുടെ 8 ദിവസം പ്രായമായ പെൺകുഞ്ഞ് ഈ മാസം 3ന് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഈ വർഷം 5 ശിശുമരണം അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 6 ഗർഭസ്ഥ ശിശുക്കളും മരിച്ചു. കാർഷിക പാക്കേജ് എവിടെയും എത്താതെ അവസാനിച്ചതും ആവർത്തിക്കുന്ന ശിശുമരണങ്ങളും, പാക്കേജ് നടത്തിപ്പ് വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here