ഹവാല ഇടപാടുകാരന് തിരുവഞ്ചൂരുമായി ബന്ധം; ചിത്രങ്ങൾ പീപ്പിൾ ടിവി പുറത്ത് വിട്ടു

തിരുവനന്തപുരം: കൊച്ചി നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ഹവാല ഇടപാടുകാരൻ വിഎസ് സുരേഷ് ബാബുവിന് ഉന്നത രാഷ്ട്രീയബന്ധം. സുരേഷ് ബാബും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രങ്ങൾ പീപ്പിൾ ടിവി പുറത്ത് വിട്ടു. സുരേഷ് ബാബുവിന്റെ ഓഫീസ് ഉദ്ഘാടനം തിരുവഞ്ചൂർ രാധാഗകൃഷ്ണൻ നിർവഹിക്കുന്നതിന്റെ ചിത്രങ്ങളാണ് പീപ്പിൾ പുറത്ത് വിട്ടത്.

സുരേഷ് ബാബുവിന്റെ ഉടമസ്ഥതയിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന സുരേഷ് ഫോറെക്‌സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ചിത്രങ്ങളാണ് പുറത്ത് വന്നത്. 2014 ജൂലൈ മാസത്തിൽ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്താണ് തിരുവഞ്ചൂർ ഇതിന്റെ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തത്. കോട്ടയം ടിബി ജംഗ്ഷനിലാണ് സുരേഷ് ഫോറെക്‌സ് പ്രവർത്തിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുന്നുവെന്നാണ് സുരേഷ് ബാബുവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. കോട്ടയം നഗരസഭാ കൗൺസിലർ, പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നേഴ്‌സിംഗ് തട്ടിപ്പുക്കേസിലെ ഒന്നാം പ്രതിയായ ഉതുപ്പു വർഗീസിന്റെ അടുത്ത അനുയായിയാണ് സുരേഷ് ബാബു. 85 കോടി രൂപ വിദേശത്തേക്കു കടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് സുരേഷ് ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അൽ സറാഫയിലും വീട്ടിലും മാർച്ച് 27ന് ആദായനികുതിവകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ ഉതുപ്പ് വർഗീസ് സുരേഷ് ബാബുവിനെ വിളിച്ച് രേഖകളെല്ലാം ഒളിപ്പിക്കാൻ ആവശ്യപ്പെട്ടതിനും തെളിവുണ്ട്.

ഉതുപ്പ് വർഗീസിന്റെ ‘അൽ സറാഫ ട്രാവൽസ് ആൻഡ് മാൻപവർ കൺസൾട്ടൻസി’ എന്ന സ്ഥാപനത്തിന്റെ കൊച്ചി ഓഫീസിൽ നിന്ന് സുരേഷ് ഫോറെക്‌സിലെ ജീവനക്കാരായ ശ്രീജിത് 63 കോടി രൂപയും സിജു 22 കോടി രൂപയും കൈപ്പറ്റിയതായും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. അൽ സറാഫ ഉദ്യോഗാർഥികളിൽനിന്ന് പിരിച്ചെടുത്ത 234 കോടി രൂപയും ഹവാലവഴി കടത്തിയതായി സംശയമുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here