ബാർ കോഴയിൽ മാണിക്ക് ക്ലീൻചിറ്റ്; പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ ഇടപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണറിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

ബാറുടമകളിൽനിന്നു മന്ത്രി കെഎം മാണി കോഴ വാങ്ങിയതു സ്ഥിരീകരിച്ചതായുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് വിജിലൻസ് എഡിജിപി തള്ളിയിരുന്നു. ഇതോടെ ബാർകോഴക്കേസിൽ മാണിക്കെതിരേ കുറ്റപത്രമുണ്ടാകില്ല എന്നുറപ്പായിരുന്നു. നിരവധി തെളിവുകളും സാക്ഷി മൊഴികളുമുണ്ടായിട്ടും മാണിയെ രക്ഷിക്കാനുള്ള സർക്കാരിന്റെ നീക്കം ഇതോടെ പൂർണമായി.

കേസ് നിലനിൽക്കില്ലെന്ന നിയമോപദേശം ശരിവച്ചുകൊണ്ടാണ് വിജിലൻസ് എഡിജിപിയുടെ നടപടി. ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടർ ഉടൻ തീരുമാനമെടുക്കും. മാണി കോഴപ്പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ല. കോഴ വാങ്ങിയെന്ന് ആരോപണമുന്നയിക്കുന്നവർക്ക് പ്രത്യുപകാരം ചെയ്തതിനും തെളിവില്ലെന്നു നിരീക്ഷിച്ചാണ് എഡിജിപിയുടെ നടപടി. റിപ്പോർട്ട് എഡിജിപി വിജിലൻസ് ഡയറക്ടർക്കു കൈമാറിയിട്ടുണ്ട്. എഡിജിപിയുടെ റിപ്പോർട്ട് ഈ നിലയ്ക്കായതിനാൽ ഡയറക്ടർ മറ്റൊരു തീരുമാനമെടുക്കാൻ സാധ്യതയില്ല.

പൂട്ടിയ ബാറുകൾ തുറക്കുന്നതിനായി ബാറുടമകളിൽനിന്നു കെ എം മാണി കൈക്കൂലി വാങ്ങിയെന്നു ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജുരമേശാണ് ആരോപണം ഉന്നയിച്ചത്. കൈരളി പീപ്പിൾ ടിവിയിൽ വാർത്താ ചർച്ചയിൽ പങ്കെടുക്കവേ ബിജു രമേശ് ഉന്നയിച്ച ആരോപണം കേരളത്തിൽ വൻ കോളിളക്കമാണുണ്ടാക്കിയത്. ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജ്കുമാർ ഉണ്ണിയിൽ നിന്നു കെ എം മാണി പണം വാങ്ങുന്നതു കണ്ടെന്ന ബിജു രമേശിന്റെ ഡ്രൈവർ അമ്പിളി വിജിലൻസിനു മൊഴി നൽകിയിരുന്നു. മാണി പണം ചോദിച്ചെന്നും നൽകിയെന്നും ബാറുടമകൾ കൊച്ചിയിൽ ചേർന്ന യോഗത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. അമ്പിളിയുടെ മൊഴി സത്യമാണെന്നു നുണ പരിശോധനയിലും വ്യക്തമായിരുന്നു.

ഇത്രയൊക്കെ തെളിവുകളുണ്ടായിട്ടും കെ എം മാണിക്കു ക്ലീൻചിറ്റ് നൽകാനാണ് വിജിലൻസ് വിഭാഗത്തിന്റെ തീരുമാനം. കോഴപ്പണത്തിന്റെ തൊണ്ടി കണ്ടെടുക്കാനായില്ലെന്നാണ് മാണിക്കെതിരായ ആരോപണങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും തള്ളാൻ വിജിലൻസ് എഡിജിപി ചൂണ്ടിക്കാട്ടിയ കാരണം. നിയമോപദേശവും എഡിജിപി ചൂണ്ടിക്കാട്ടി. അരുവിക്കര തെരഞ്ഞെടുപ്പിനു മുമ്പു കേസിൽ തീരുമാനമുണ്ടാകുമെന്ന സർക്കാരിന്റെ പ്രഖ്യാപനം ഇതോടെ മാണിയെ രക്ഷിക്കാനുള്ള നീക്കമാണെന്നുറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here