നർമ്മദ സരോവർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നുണ പ്രചരിപ്പിക്കുകയാണെന്ന് വസ്തുത അന്വേഷണ സംഘം

ദില്ലി: നർമ്മദ സരോവർ അണക്കെട്ടിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പച്ച കള്ളം പ്രചരിപ്പിക്കുകയാണെന്ന് നർമ്മദ വസ്തുത അന്വേഷണ സംഘം. സുപ്രീംകോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് മോദി സർക്കാർ ജല നിരപ്പ് ഉയർത്താനുളള തീരുമാനം എടുത്തതെന്ന് പദ്ധതി പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയ സംഘം കുറ്റപ്പെടുത്തി. പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ജലനിരപ്പ് ഉയർത്തിയാൽ വൻ ദുരന്തം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

രാഷ്ട്രീയ നേതാക്കളും ജലഊർജ്ജ വിദഗ്ദരും ഉൾപെടുന്ന സംഘം രണ്ടു ദിവസങ്ങളിലായി പദ്ധതി പ്രദേശം സന്ദർശിച്ച്, വിവിധ ജന വിഭാഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഹനൻ മുളള, സിപിഐ നാഷണൽ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ആനി രാജ, ബിനോയ് വിശ്വം, സമാജ്‌വാദി പാർട്ടി നേതാവ് ഡോ.സുനിലം, ജലവിഭവ വിദഗ്ദൻ ഫ്രൊ.രാജ് കച്ചറോ, ഊർജ വിദഗ്ത്ത ഡോ.സൗമ്യ ദത്ത എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

നഷ്ടപെട്ട ഭൂമിക്ക് പകരമായി വാസ യോഗ്യമായ സ്ഥലമോ കൃഷിയിടമോ ലഭിച്ചിട്ടില്ലെന്ന് സംഘം കണ്ടെത്തി. പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന നുണപ്രചാരണമാണ് കേന്ദ്രവും മഹാരാഷ്ട്ര, ഗുജറാത്ത് മധ്യപ്രദേശ് സംസ്ഥാന സർക്കാറുകളും നടത്തുന്നതെന്ന് പഠനത്തിലൂടെ ബോധ്യപെട്ടതായി ആനി രാജ പറഞ്ഞു. നർമദ അണക്കെട്ടിന്റെ കാര്യത്തിൽ ദേശീയ ജലകമ്മീഷൻ പോലും തെറ്റായ വിവരങ്ങളാണ് നൽകിയിട്ടുളതെന്ന് പഠന സംഘത്തിൽ ഉണ്ടായിരുന്ന ബിനോയി വിശ്വം കുറ്റപ്പെടുത്തി.

നർമ്മദ സരോവർ അണക്കെട്ടിലെ ജലനിരപ്പ് 17 മീറ്റർ വർദ്ധിപ്പിക്കാൻ മോദി സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് വസ്തുതാ അന്വേഷണ സംഘം പദ്ദതി പ്രദേശം സന്ദർശിച്ചത്. കർഷക ക്ഷേമത്തിനെന്ന പേരിൽ ജലനിരപ്പ് ഉയർത്തി മോദി സർക്കാർ സിമന്റ് കംമ്പനികളേയും കൊക്കകോള കംമ്പനിയേയും സഹായിക്കുകയാണെന്ന് സംഘം വിലയിരുത്തി. പഠന റിപ്പോർട്ട് സുപ്രീംകോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും സമർപ്പിക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News