‘യുധിഷ്ഠിരൻ’ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തലപ്പത്ത്; മോഡി സർക്കാരിന്റെ കാവിവത്കരണത്തിനെതിരെ വിദ്യാർത്ഥികൾ; സന്തോഷ് ശിവൻ രാജി വച്ചു

പൂനെ: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ബിജെപി നേതാവും സീരിയൽ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാർത്ഥികളുടെ സമരം ശക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരവുമായി രംഗത്തെത്തിയത്.

ഗജേന്ദ്ര ചൗഹാനെ ചെയർമാനായി നിയമിച്ചതിന് പിന്നിൽ രാഷ്ട്രീയതാൽപര്യം മാത്രമാണെന്നും സർക്കാർ സ്ഥാപനങ്ങളിലെ കാവിവത്കരണത്തിന്റെ ഉദാഹരണമാണിതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ശ്യാം ബെനഗൽ, മുകേഷ് ഖന്ന, യുആർ അനന്തമൂർത്തി, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ പിൻഗാമിയായി ചൗഹാനെ നിയമിക്കുന്നത് മറ്റുള്ളവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിദ്യാർത്ഥി പ്രതിനിധികൾ അഭിപ്രായപ്പെടുന്നു. പ്രശസ്ത സംവിധായകൻ സെയ്ദ് മിർസ കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായും ഭരണസമിതി അധ്യക്ഷനായും ഗജേന്ദ്രനെ നിയമിച്ചത്. നിയമനത്തിൽ പ്രതിഷേധിച്ച് ഗവേണിംഗ് കൗൺസിലിൽ നിന്നും സന്തോഷ് ശിവൻ രാജി വച്ചു.താൻ വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് സന്തോഷ് ശിവൻ പ്രതികരിച്ചു.

ബിജെപി സാംസ്‌കാരിക വിഭാഗത്തിന്റെ ജോയിന്റ് കൺവീനർ, പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാവ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഗജേന്ദ്ര മോഡിയുമായി അടുത്ത ബന്ധമുള്ളയാളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ബിജെപിക്കുവേണ്ടി നയിക്കുന്നതിൽ ഗജേന്ദ്രനായിരുന്നു മുൻപന്തിയിൽ. മഹാഭാരതം സീരിയലിൽ യുധിഷ്ഠിരനെ അവതരിപ്പിച്ചാണ് ഗജേന്ദ്ര പ്രശസ്തനായത്.

ഗജേന്ദ്രന്റെ നിയമനം വിവാദമായതോടെ ഭരണസമിതി അംഗങ്ങളാകാനുള്ള ക്ഷണം സ്വീകരിക്കില്ലെന്ന് പ്രമുഖ സംവിധായകരായ സന്തോഷ് ശിവൻ, ജാനു ബറുവ എന്നിവർ അറിയിച്ചു. അതേസമയം, കേന്ദ്രസർക്കാരാണ് യോഗ്യതാ മാനദണ്ഡം നിശ്ചയിക്കുന്നതെന്നും യോഗ്യനായതിനാലാണ് തന്നെ നിയമിച്ചതെന്നും ഗജേന്ദ്ര ചൗഹാൻ പ്രതികരിച്ചു.

ഇടതുപക്ഷ സംഘടനകൾ നേതൃത്വം നൽകുന്ന സമരത്തിന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. സംഘ്പരിവാർ അജണ്ടയുടെ ഭാഗമായി തന്നെയാണ് ഇത്തരം നിയമനങ്ങളെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സെൻസർ ബോർഡ് ചെയർമാൻ സ്ഥാനത്ത് പങ്കജ് നിഹ്ലാനിയും എൻ്.എഫ്.ഡി.സി. ഡയറക്ടർ പദവിയിലേക്ക് സുരേഷ് ഗോപിയെയും നിയമിച്ചത് ഇതേ നീക്കത്തിന്റെ ഭാഗമായാണെന്നും ആരോപണമുയരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News