മുംബൈ: രാജ്യത്തെ പ്രമുഖ എണ്ണ-പ്രകൃതിവാതക സ്വകാര്യ കമ്പനിയായ കെയിന്‍ ഇന്ത്യ അതിന്റെ വിദേശ യൂണിറ്റായ വേദാന്ത ലിമിറ്റഡില്‍ ലയിച്ചു. വേദാന്ത റിസോഴ്‌സസ് പബ്ലിക് ലിമിറ്റഡാണ് ലയനം പ്രഖ്യാപിച്ചത്. വേദാന്തയും കെയിന്‍ ഇന്ത്യയുമായുള്ള കടബാധ്യതയും ലയനത്തില്‍ ഉള്‍പ്പെടും.
ലയനത്തോടെ കെയിന്‍ ഇന്ത്യയുടെ ഓഹരി ഉടമകള്‍ക്ക് ഓരോരുത്തര്‍ക്കും വേദാന്തയുടെ ഒരു ഇക്വിറ്റിയും ഒരു റെഡീമബിള്‍ ഷെയറും ലഭിക്കും. എന്നാല്‍, കെയിന്‍ ഇന്ത്യയുടെ പേരില്‍ നിലനില്‍ക്കുന്ന 20,000 കോടി രൂപയുടെ നികുതി കേസ് ലയനത്തിന് തടസ്സം സൃഷ്ടിക്കുമോ എന്ന് സംശയമുണ്ട്.
കെയിന്‍ ഇന്ത്യയുടെ ക്യാഷ് റിസര്‍വ് ലക്ഷ്യംവച്ചാണ് വേദാന്ത കെയിന്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങിയത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കെയിന്‍ ഇന്ത്യക്ക് 16,867 കോടി രൂപയുടെ കരുതല്‍ ധനമുണ്ട്. 14,646 കോടി രൂപയുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്ത കെയിന്‍ ഇന്ത്യ 6,541 കോടി രൂപയുടെ അറ്റലാഭം നേടിയിരുന്നു. കഴിഞ്ഞ ജൂലയില്‍ വേദാന്ത കെയിന്‍ ഇന്ത്യയില്‍ നിന്ന് 7,900 കോടി രൂപ വായ്പ എടുത്തിരുന്നു. വേദാന്തയ്ക്ക് നിലവില്‍ 37,633 കോടി രൂപയുടെ കടബാധ്യതയുണ്ട്.
കെയിന്‍ ഇന്ത്യക്കും പഴയ പങ്കാളി കെയിന്‍ എനര്‍ജി പബ്ലിക് ലിമിറ്റഡ് കമ്പനിക്കും എതിരെ നികുതി വെട്ടിപ്പിന് കേസ് നിലവിലുണ്ട്. കെയിന്‍ ഇന്ത്യയുടെ പേരില്‍ 20,000 കോടി രൂപ നികുതി അടയ്ക്കാത്തതിന് നികുതി വകുപ്പാണ് കഴിഞ്ഞ മാര്‍ച്ചില്‍ നോട്ടീസ് അയച്ചത്. കെയിന്‍ എനര്‍ജിയുടെ ഏതാനും സ്വത്തുക്കള്‍ കെയിന്‍ ഇന്ത്യയിലേക്ക് മാറ്റിയപ്പോള്‍ മൂലധന നികുതി അടയ്ക്കാത്തതിനാണ് നോട്ടീസ്.
ലയനം പൂര്‍ത്തിയാകുന്നതോടെ വേദാന്ത ലിമിറ്റഡില്‍ വേദാന്ത റിസോഴ്‌സസ് പബ്ലിക് ലിമിറ്റഡിനുള്ള ഉടമ പങ്കാളിത്തം 50.1 ശതമാനമായി കുറയും. നിലവില്‍ ഇത് 62.9 ശതമാനമാണ്. അതേസമയം, കെയിന്‍ ഇന്ത്യയുടെ ന്യൂനപക്ഷ ഓഹരി ഉടമകള്‍ക്ക് പുതിയ കമ്പനിയില്‍ 20.2 ശതമാനവും വേദാന്തയിലെ ന്യൂനപക്ഷ ഓഹരി ഉടമകള്‍ക്ക് 29.7 ശതമാനവും ഓഹരികള്‍ ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here