പി.സി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ കേരള കോണ്‍ഗ്രസ് ശരിവച്ചു; കൂടുതല്‍ നടപടി ആലോചിക്കാന്‍ മൂന്നംഗ സമിതി

കൊച്ചി: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ മാറ്റമില്ല. സസ്‌പെന്‍ഷന്‍ തുടരാന്‍ കേരള കോണ്‍ഗ്രസില്‍ തീരുമാനം. ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ശരിവച്ചു. കൊച്ചിയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ജോര്‍ജിനെതിരായ സസ്‌പെന്‍ഷന്‍ തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍, ജോര്‍ജിനെതിരെ തത്ക്കാലം കൂടുതല്‍ നടപടി വേണ്ടെന്നും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. കൂടുതല്‍ നടപടിയെ കുറിച്ച് ആലോചിക്കാന്‍ മൂന്നംഗ സമിതിയെയും കമ്മിറ്റി നിയോഗിച്ചു.

പി.സി ജോര്‍ജിനെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കമ്മിറ്റികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടി തുടരാനാണ് തത്ക്കാലം പാര്‍ട്ടി ഉന്നതാധികാര സമിതി തീരുമാനം. ജോര്‍ജിന്റെ മുന്നണി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവ് ശേഖരിക്കാനാണ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുള്ളത്. തോമസ് ഉണ്ണിയാടനാണ് സമിതി അധ്യക്ഷന്‍. ആന്റണി രാജു, ജോയ് എബ്രഹാം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. വരുന്ന 17നകം സമിതി തെളിവ് ശേഖരിച്ച് സമിതി പാര്‍ട്ടിക്ക് കൈമാറും. ഇതിനുശേഷമായിരിക്കും പാര്‍ട്ടി പ്രാഥമികാത്വത്തില്‍ നിന്ന് പുറത്താക്കുന്ന കാര്യത്തിലും അയോഗ്യനാക്കുന്ന കാര്യത്തിലും തീരുമാനമെടുക്കുക.

സസ്‌പെന്‍ഷന്‍ തുടരാം എന്ന തീരുമാനത്തോടെ ജോര്‍ജിനെതിരെ കടുത്ത നടപടി എന്ന ആവശ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോക്കം പോയി എന്നുവേണം അനുമാനിക്കാന്‍. ജോര്‍ജ്ജിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കുമെന്നും പാര്‍ട്ടി തീരുമാനം 29ന് സ്പീക്കറെ അറിയിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം വരെ ആന്റണി രാജു അടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനാണ് ഉന്നതാധികാര സമിതിയായ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒരു ചര്‍ച്ച പോലും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ടായില്ല. സസ്‌പെന്‍ഷന്‍ തുടരാന്‍ മാത്രമാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News