കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പൊലീസ് സുരക്ഷ നീട്ടണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി; രേഖാമൂലം അപേക്ഷ നല്‍കാന്‍ എഡിജിപി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടിനുള്ള പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി കേരള പൊലീസിനെ സമീപിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി റീജിയണല്‍ ഡയറക്ടര്‍, എഡിജിപി ശങ്കര്‍ റെഡ്ഡിയെ നേരില്‍ കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ക്ക് നല്‍കുന്ന പൊലീസ് സംരക്ഷണം നീട്ടണമെന്നാണ് ആവശ്യം. ദക്ഷിണ മേഖലാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എന്‍ മൂര്‍ത്തി ശങ്കര്‍ റെഡ്ഡിയെ നേരില്‍ കണ്ടു. എന്നാല്‍, രേഖാമൂലം അപേക്ഷ നല്‍കാനാണ് എഡിജിപി നിര്‍ദ്ദേശിച്ചത്. ആവശ്യം എഴുതി നല്‍കിയാല്‍ പരിഗണിക്കണമെന്ന് എഡിജിപി ശങ്കര്‍ റെഡ്ഡി അറിയിച്ചു.

കേസില്‍ നാല് സിഐഎസ്എഫ് ജവാന്‍മാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഭടന്‍മാരായ വിനയ്കുമാര്‍ ഗുപ്ത, രാമോഷി ദീപക് യശ്വന്ത്, ലോകേന്ദ്ര സിങ്, രാകേഷ്‌കുമാര്‍ മീണ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വിമാനത്താവളത്തിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്ത കേസില്‍ 25 പ്രതികളെങ്കിലും ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവദിവസം വിമാനത്താവളത്തിന്റെ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ദാനിയേല്‍ ധന്‍രാജിനെ ചുമതലയില്‍നിന്ന് മാറ്റി. വധക്കേസില്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിക്കെതിരെ മര്‍ദനക്കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ സീതാറാം ചൗധരിയെയും പ്രതിചേര്‍ത്തിട്ടുണ്ട്. അതേസമയം, സിഐഎസ്എഫ് ഭടന്മാരെ സ്ഥലം മാറ്റാനുള്ള തീരുമാനം വിമാനത്താവള വെടിവെയ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ ബാധിക്കാതിരിക്കുന്നതിനുള്ള എല്ലാ സഹകരണവും സേനയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നു സിഐഎസ്എഫ് എയര്‍പോര്‍ട്ട് സെക്ടര്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ രഞ്ജിത് കുമാര്‍ പച്ച്‌നന്ദ ഉത്തരമേഖല എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡിക്ക് ഉറപ്പു നല്‍കി. രാജ്യാന്തര വിമാനത്താളത്തിലെ വെടിവയ്പുമായി ബന്ധപ്പെട്ടു കരിപ്പൂരിലെത്തിയ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഉത്തരമേഖലാ എഡിജിപിയുടെ ഓഫിസിലെത്തിയാണ് ചര്‍ച്ച നടത്തിയത്. സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍. ആര്‍. സഹായിയും പാച്ച്‌നന്ദയുടെ ഒപ്പമുണ്ടായിരുന്നു. സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ സുരേന്ദര്‍ സിങ്ങിന്റെ നിര്‍ദേശ പ്രകാരമാണ് എഡിജി കരിപ്പൂരിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel