4,000 പാകിസ്താനി അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയില്‍ പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള 4,300 ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് 1,023 ആയിരുന്നു. അഭയം തേടിയെത്തുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യ അഭയം നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ കീഴില്‍ പെടുത്തിയാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പൗരത്വം നല്‍കിയത്.

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഹിന്ദു അഭയാര്‍ത്ഥികളെ ഇന്ത്യന്‍ പൗരന്‍മാരെ പോലെ കാണുമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. നിലവില്‍ രണ്ട് ലക്ഷത്തോളം ഹിന്ദു-സിഖ് അഭയാര്‍ത്ഥികളാണ് പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നായി ഇന്ത്യയില്‍ കഴിയുന്നത്.

കഴിഞ്ഞ മെയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മധ്യപ്രദേശില്‍ മാത്രം 19,000ഓളം അഭയാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ 11,000 പേര്‍ക്കും ഗുജറാത്തില്‍ 4,000 പേര്‍ക്കും ദീര്‍ഘകാല വിസ അനുവദിച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാനായി ആഭ്യന്തര മന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനവും ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel