ദില്ലി: സിബിഎസ്ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കണമോയെന്ന കാര്യത്തിലായിരിക്കും സുപ്രീം കോടതി തീരുമാനമെടുക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ന്നതിലൂടെ ഒരു വിദ്യാര്‍ത്ഥിക്കെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടെങ്കില്‍ ഫലം റദ്ദാക്കുമെന്നാണ് സുപ്രീംകോടതി സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച 44 പേര്‍ക്ക് ഗുണകരമായിരുന്നു എന്നാണ് പറയുന്നത്. രണ്ടായിരം സീറ്റുകളിലേയ്ക്കായി 6.3ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കുള്ള പുനര്‍പരീക്ഷ നടപടിക്രമങ്ങള്‍ക്ക് മൂന്ന് മാസമെങ്കിലും വേണം. അത് പ്രവേശന നടപടികളെ ബാധിക്കുമെന്നുമാണ് സിബിഎസ്ഇയ്ക്ക് വേണ്ടി വാദിച്ച സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ പറഞ്ഞത്.
മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ഹരിയാനയിലെ ഒരു സെന്ററിലാണ് ചോര്‍ന്നതായി കണ്ടെത്തിയത്. രൂപ് സിങ് ഡാങ്കി എന്നയാള്‍ക്കാണ് ആദ്യം ചോദ്യം കിട്ടിയതെന്ന് പറയുന്നു. ഇയാള്‍ വിവിധ ഡോക്ടര്‍മാരില്‍ നിന്ന് ഉത്തരങ്ങള്‍ സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് വാട്‌സാപിലൂടെയും എസ്.എം.എസിലൂടെയും ഉത്തരങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, രൂപ് സിങ്ങിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Get real time update about this post categories directly on your device, subscribe now.
Discussion about this post