ദില്ലി/തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ റദ്ദാക്കാനുള്ള സുപ്രിം കോടതി തീരുമാനം കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെയും താളം തെറ്റിക്കും. കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പതിനഞ്ചു ശതമാനം സീറ്റുകള്‍ അഖിലേന്ത്യാ ക്വാട്ടയില്‍നിന്നാണ് നികത്തേണ്ടത്. അഖിലേന്ത്യാ പരീക്ഷ ഒരു മാസത്തിനുള്ളില്‍ വീണ്ടും നടത്തുന്നതോടെ ഈ പതിനഞ്ചു ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം അനിശ്ചിതമാകും.
മാത്രമല്ല, കേരളത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ പിന്നീട് അഖിലേന്ത്യാ എന്‍ട്രന്‍സില്‍ യോഗ്യത നേടിയാല്‍ അതു കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ഈ അധ്യയന വര്‍ഷം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനും വഴിവയ്ക്കും. അഖിലേന്ത്യാ പ്രവേശനപരീക്ഷ വീണ്ടും നടത്തുന്നതോടെ അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം കാത്തുനില്‍ക്കുന്നവരില്‍ സംസ്ഥാന പ്രവേശനയോഗ്യതയും നേടിയവര്‍ കേരളത്തിലെ കോളജുകളില്‍ സീറ്റുറപ്പിക്കും. പിന്നീട് അഖിലേന്ത്യാ പ്രവേശനത്തില്‍ സീറ്റുറപ്പായാല്‍ ഇവര്‍ കേരളത്തിലെ കോളജുകള്‍ വിടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതോടെ, ഇക്കുറിയും കേരളത്തിലെ മെഡിക്കല്‍ പ്രവേശനം പരാതികളുടെയും താളപ്പിഴകളുടെയും അരങ്ങാകുമെന്നുറപ്പായി.
എസ്എംഎസിലൂടെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയെത്തുടര്‍ന്നാണ് ആറരലക്ഷം പേര്‍ എഴുതിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. പരീക്ഷ നാലാഴ്ചയ്ക്കുള്ളില്‍ നടത്തി ഫലം പ്രഖ്യാപിക്കണമെന്നാണ് ജസ്റ്റിസുമാരായ പ്രഫുല്ല സി പന്ത്, അമിതാബ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് സിബിഎസ്ഇയോട് നിര്‍ദേശിച്ചിരിക്കുന്നത്.
പുതിയ പരീക്ഷയ്ക്കും പരീക്ഷയ്ക്ക് സിബിഎസ്ഇ തന്നെ മേല്‍നോട്ടം വഹിക്കണം. മെഡിക്കല്‍ കോളേജുകള്‍ സിബിഎസ്ഇയുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷാ നടത്തിപ്പ് അന്വേഷിച്ച ഹരിയാന പൊലീസ് പരീക്ഷ റദ്ദാക്കാന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു. 1
23 ചോദ്യങ്ങള്‍ എസ്എംഎസ് വഴി ചോര്‍ന്നിരുന്നു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫലപ്രഖ്യാപനം സുപ്രീംകോടതി തടഞ്ഞുവച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും പരീക്ഷ റദ്ദാക്കരുതെന്നും സിബിഎസ്ഇ വാദിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post