പ്രവാസി വോട്ടവകാശം ആദ്യം ബിഹാറില്‍

ദില്ലി: രാജ്യത്ത് പ്രവാസിവോട്ടവകാശം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ ഒരുങ്ങി ബിഹാര്‍. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും വോട്ടുചെയ്യാം. പ്രവാസികള്‍ക്കായി ഇ-വോട്ടിംഗ് സംവിധാനമാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്.

ഏകദിശാ ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റ് സംവിധാനമാണ് പ്രവാസികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍ക്കായി കമ്മീഷന്‍ ഒരു പാസ്‌വേഡ് ഇ-മെയില്‍ ചെയ്തുകൊടുക്കും. ഈ പാസ്‌വേഡ് ഉപയോഗിച്ച് വെബ്‌സൈറ്റില്‍ നിന്നും വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പറും എന്‍വലപ്പും ഡൗണ്‍ലോഡ് ചെയ്യാം. വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെ ക്രോസ് മാര്‍ക്ക് ചെയ്തശേഷം ബാലറ്റ് പേപ്പര്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് തപാല്‍ വഴി അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

ഏകദിശാ സംവിധാനം തയ്യാറായതോടെ കൂടുതല്‍ വിപുലമാക്കാനുള്ള പദ്ധതിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുകയും വോട്ടുചെയ്ത ശേഷം തിരിച്ചയയ്ക്കുന്നതും ഇ-മെയില്‍ വഴിയാക്കാനുള്ള സംവിധാനമാണ് ആലോചിക്കുന്നത്. അടുത്ത പടിയായി ഇ-വോട്ടിംഗ് സംവിധാനവും നടപ്പിലാക്കും.

ഒരുകോടിയിലധികം വരുന്ന പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വോട്ടവകാശത്തിന് ആറുമാസത്തില്‍ കൂടുതല്‍ സ്ഥലത്ത് സ്ഥിരതാമസക്കാരനായിരിക്കണമെന്ന നിബന്ധന 2010-ലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭേദഗതി ചെയ്തത്. പാസ്‌പോര്‍ട്ടോ വിസയോ കാണിച്ചാല്‍ മതിയായിരുന്നു. എന്നാല്‍, ഇതിന് ശേഷവും വോട്ടുചെയ്യാന്‍ നേരിട്ട് എത്തേണ്ടിയിരുന്നു. ഇപ്പോഴാണ് പ്രവാസികള്‍ക്ക് നേരിട്ടല്ലാതെയും വോട്ടുചെയ്യാമെന്ന തരത്തില്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News