മോസ്‌കോ: ജോര്‍ജിയയില്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു മൃഗശാലയില്‍നിന്നു ചാടിയത് നിരവധി മൃഗങ്ങള്‍. സിംഹവും കരടിയും കടുവയും കാണ്ടാമൃഗവും അടക്കമുള്ളവ റോഡില്‍ വിരഹിച്ചപ്പോള്‍ ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന നിര്‍ദേശവുമായി ഭരണകൂടമെത്തി. എങ്കിലും ആവേശത്തോടെ മൃഗങ്ങളെ മേയ്ക്കാനും മയക്കുവെടിവയ്ക്കാനുമായിരുന്നു ജനങ്ങള്‍ക്ക് ഹരം. 20 ചെന്നായ്ക്കളെയും എട്ടു സിംഹങ്ങളെയും നിരവധി പുലികളെയും ഇനിയും പിടികൂടാനായുള്ളതായാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സിന്റെ റിപ്പോര്‍ട്ട്.
ജോര്‍ജിയയിലെ ബിലിസി പട്ടണത്തിലാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന മൃഗശാലയില്‍നിന്നു മൃഗങ്ങള്‍ പുറത്തുചാടിയത്. പല മൃഗങ്ങളും ജനങ്ങളെ ആക്രമിക്കാനൊരുങ്ങിയതോടെ മൃഗപരിപാലന ഉദ്യോഗസ്ഥരും ബുദ്ധിമുട്ടി. മൃഗങ്ങളെ മയക്കുവെടിവച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു പിന്നീട്. വെള്ളപ്പൊക്കത്തിലും മൃഗങ്ങളുടെ ആക്രമണത്തിലും പന്ത്രണ്ടുപേര്‍ക്കു ജീവന്‍ നഷ്ടമായി. 24 പേരെ വെള്ളപ്പൊക്കത്തില്‍ കാണാതായി.
മൃഗശാലയില്‍നിന്നു രക്ഷപ്പെട്ട എല്ലാ മൃഗങ്ങളെയും കണ്ടെത്താനായിട്ടില്ല. ഇവയ്ക്കായി തെരച്ചില്‍ തുടരുകയാണ്. മൃഗങ്ങള്‍ പുറത്തുള്ളതിനാല്‍ ജനങ്ങളോട് വീടുകള്‍ക്കു പുറത്തിറങ്ങരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ ഡേവിറ്റ് നര്‍മാനിയ പറഞ്ഞു. പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലാണ് പ്രളയത്തിനു വഴിവച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
തൊട്ടടുത്ത പട്ടണങ്ങളില്‍നിന്നും പ്രദേശങ്ങളില്‍നിന്നും ബിലിസിയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പിടികൂടാനും കീഴ്‌പ്പെടുത്താനുമാകാത്ത ചില മൃഗങ്ങളെ വെടിവച്ചുകൊല്ലുകയായിരുന്നു. അക്രമകാരികളായ ചില മൃഗങ്ങളെയും ഇനിയും കണ്ടുകിട്ടാനുണ്ട്. ജനങ്ങളെ ആക്രമിച്ച മൃഗങ്ങളെ കൊന്നതിനെതിരെ മൃഗശാല ഡയറക്ടറും രംഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങളെ കൊല്ലാന്‍ ആരും അരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പൊലീസുകാര്‍ നിയമം കൈയിലെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പട്ടണത്തില്‍ അലഞ്ഞു തിരിയുന്ന മൃഗങ്ങളെ കണ്ടെത്താനായി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ചില മൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് അംഗവൈകല്യമുണ്ടായിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post