ഐഎസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചാവേര്‍ യുകെ സ്വദേശിയായ പതിനേഴുകാരന്‍

ലണ്ടന്‍: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുടെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായത് കഴിഞ്ഞദിവസം ആക്രമണത്തില്‍ മരിച്ച പതിനേഴുവയസുകാരനായ യു കെ സ്വദേശി. ഇറാഖില്‍ സുരക്ഷാ സേനയ്ക്കു നേരേ നടത്തിയ ആക്രമണത്തിലാണ് തല്‍ബ അസ്മല്‍ എന്ന പതിനേഴുവയസുകാരന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇറാഖിലെ ബൈജിയില്‍ എണ്ണശുദ്ധീകരണശാലയ്ക്കടുത്തുവച്ചാണ് ആക്രമണമുണ്ടായത്.

അബു യൂസഫ് അല്‍ ബ്രിട്ടനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തല്‍ഹ ഐഎസില്‍ ചേരാന്‍വേണ്ടി നാടുവിട്ടതാണെന്നും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഐഎസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. വാര്‍ത്ത കേട്ട് അമ്പരന്നതായി തല്‍ഹയുടെ ബന്ധുക്കള്‍ പ്രതികരിച്ചു.

2005 ജൂലൈ ഏഴിന് ലണ്ടനില്‍ ബസിനുള്ളില്‍ പൊട്ടിത്തെറിച്ച ഹാസിബ് ഹുസൈനായിരുന്നു ഇതുവരെ ലണ്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായത്. വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ സ്വദേശിയായിരുന്നു ഹാസിബ് ഹൂസൈന്‍. ഡ്യൂസ്‌ബെറി സ്വദേശിയാണ് പതിനേഴാം വയസില്‍ ചാവേറായി ജീവന്‍ അവസാനിപ്പിച്ച തല്‍ഹ. സ്‌നേഹവും ആദരവും ഉള്ള കുട്ടിയായിരുന്നു തല്‍ഹയെന്നാണ് വാര്‍ത്തയോടു ചില ബന്ധുക്കള്‍ പ്രതികരിച്ചത്.

ആര്‍ക്കെങ്കിലും എതിരെ സംസാരിക്കുന്നതോ എന്തെങ്കിലും തീവ്രനിലപാടുകള്‍ കാത്തുസൂക്ഷിക്കുന്നതായോ തല്‍ഹയെക്കുറിച്ച് ഇതിനു മുമ്പു തോന്നിയിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ തല്‍ഹയ്ക്കു ബന്ധമുണ്ടായിരുന്ന ആരോ ഒരാളാണ് തീവ്രവാദത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കളുടെ സംശയം. ഇത്തരത്തില്‍ തല്‍ഹയെ മനസുമാറ്റി തീവ്രവാദത്തിലേക്കു നയിച്ച് കൊലപ്പെടുത്തുകയായിരുന്നു ഐഎസ് ചെയ്തതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

ഇറാഖില്‍ ബ്രിട്ടീഷുകാരനായ പതിനേഴുകാരന്‍ മരിച്ചതായി സ്ഥിരീകരിച്ച കാര്യമാണെന്നു വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസും അറിയിച്ചു. ഡ്യൂസ്‌ബെറിയിലെ മറ്റൊരു കൗമാരക്കാനായ ഹസന്‍ മുന്‍സിയോടൊപ്പമാണ് തല്‍ഹ സിറിയിയിലേക്കു പോയതെന്നു വിവരം ലഭിച്ചിട്ടുണ്ട്. ഹസന്‍ മുന്‍ഷിയുടെ സഹോദരന്‍ ഹമാദ് മുന്‍ഷിയെ നേരത്തേ പൊലീസ് തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദക്കുറ്റം ചുമത്തപ്പെടുന്ന ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഹസന്‍ മുന്‍ഷി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe