സി.പി നായര്‍ വധശ്രമക്കേസ്; കേസ് പിന്‍വലിക്കരുതെന്ന അപേക്ഷയും സര്‍ക്കാര്‍ മുക്കി

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യപ്രതിയായ സി.പി.നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേസ് പിന്‍വലിക്കരുതെന്ന സി.പി.നായരുടെ അപേക്ഷ മുക്കിയ ശേഷം. കേസ് പിന്‍വലിക്കരുതെന്ന ആവശ്യമുന്നയിച്ച് സി.പി.നായര്‍ മുഖ്യമന്ത്രിക്കാണ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍, ഈ അപേക്ഷയും ചവറ്റുകുട്ടയില്‍ തള്ളിയാണ് കേസ് പിന്‍വലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചത്. അപേക്ഷയുടെ പകര്‍പ്പ് പീപ്പിള്‍ ടി വി ക്ക് ലഭിച്ചു.
കഴിഞ്ഞ മാസം 26-നാണ് സി.പി.നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. മൂന്ന് പേജുള്ള അപേക്ഷയില്‍ കേസ് സംബന്ധിച്ച വിശദാശംങ്ങള്‍ക്ക് പുറമേ കേസുമായി ബന്ധപ്പെട്ട് തനിക്കു നേരിടേണ്ടി വന്ന ദുരിതങ്ങളും വിശദമാക്കിയിരുന്നു. 2002-ല്‍ മലയാലപ്പുഴ ക്ഷേത്രത്തില്‍ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനമായിരുന്നെന്ന് അപേക്ഷയില്‍ സി.പി.നായര്‍ വിശദീകരിക്കുന്നു. 75 വയസിന് മുകളിലുള്ള തനിക്ക് കഴിഞ്ഞ 13 വര്‍ഷമായി കേസുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ശാരീരികവും,മാനസികവുമായ പീഡനങ്ങളും അപേക്ഷയില്‍ എടുത്തു പറയുന്നുണ്ട്.
കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ പിന്‍വലിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പാലിക്കേണ്ട കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മാര്‍ഗനിര്‍ദേശവും കത്തില്‍ വ്യക്തമാക്കിയിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, തുടങ്ങിയ കേസുകള്‍ പിന്‍വലിക്കാനാവില്ലെന്ന വസ്തുതയും സി.പി.നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ, ഈമാസം കേസിന്റെ വിധി ഉണ്ടാകുമെന്ന പ്രത്യാശയും പ്രകടിപ്പിക്കുന്നു. ഈ അപേക്ഷ പൂര്‍ണ്ണമായും അവഗണിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യപ്രതികളായ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News