കൽബുർഗി കൊലപാതകം; അന്വേഷണം സിബിഐക്ക്

ബംഗളൂരു: പ്രമുഖ കന്നഡ സാഹിത്യകാരനും കന്നഡ സർവകലാശാല മുൻ വൈസ് ചാൻസലറുമായ മല്ലേശപ്പ എം. കൽബുർഗി വെടിയേറ്റുമരിച്ച കേസ് സിബിഐക്കു വിടാൻ കർണാടക സർക്കാരിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടു സിബിഐക്ക് സംസ്ഥാന സർക്കാർ കത്തയക്കുമെന്നു നിയമമന്ത്രി ടി.ബി ജയചന്ദ്ര അറിയിച്ചു. കേസിൽ ഇപ്പോൾ സംസ്ഥാന സർക്കാർ സിഐഡി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നീട് കേസ് സിബിഐ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിൽ ഭൂരിഭാഗവും സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടെടുത്തതോടെയാണ് തീരുമാനം. ഡപ്യൂട്ടി പൊലീസ് കമ്മീഷണർ എ.എസ് ഗോരിയുടെ നേതൃത്വത്തിൽ ആറംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു.

ഞായറാഴ്ച രാവിലെ 8.40നായിരുന്നു ധാർവാഡിലെ വീട്ടിൽ കുടുംബത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കൽബുർഗിക്കു വെടിയേറ്റത്. മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതരായ രണ്ടു ആയുധ ധാരികൾ വീടിന്റെ വാതിലിൽ മുട്ടുകയും വാതിൽ തുറന്ന ഉടൻ കൽബുർഗിയെ വെടിവച്ചു വീഴ്ത്തുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe