ഇംഫാൽ: മണിപ്പൂരിൽ വിവാദ ബില്ലിനെതിരെ സമരത്തിലായിരുന്ന പ്രക്ഷോഭകർ ആരോഗ്യമന്ത്രിയുടെയും അഞ്ച് എംഎൽഎമാരുടെയും വസതികൾ കത്തിച്ചു. ചുരാചന്ദ്പുർ ജില്ലയിൽ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ആരോഗ്യമന്ത്രി ഫുങ്‌സാഫാങ് ടോൺസിങ്ങ്, മാൻഗ വായിഫേയി ഉൾപ്പെടെയുള്ള എംഎൽഎമാരുടെ വീടുകളാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. രണ്ടു പേർ പൊലീസ് വെടിവയ്പ്പിലും ഒരാൾ പൊള്ളലേറ്റുമാണ് മരിച്ചത്. സംഭവത്തിൽ അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നിലഗുരുതരമാണ്.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്ന മൂന്ന് ബില്ലുകൾ മണിപ്പൂർ നിയമസഭ പാസാക്കിയിരുന്നു. പ്രൊട്ടക്ഷൻ ഓഫ് മണിപ്പൂർ പീപ്പിൾ, മണിപ്പൂർ ലാന്റ് റവന്യു, ലാന്റ് റിഫോംസ് ബില്ല്, മണിപ്പൂർ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല് എന്നിവയാണ് ശബ്ദ വോട്ടെടെ പാസാക്കിയത്. ഇതിനെതിരെ മൂന്ന് ആദിവാസി വിദ്യാർത്ഥി സംഘടനകൾ ആഹ്വാനംചെയ്ത ബന്ദാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. എം.എൽ.എമാർ നിയമസഭയിൽ ബില്ലിനെ എതിർക്കാതിരുന്നതാണ് പ്രതിഷേധമുയരാൻ കാരണം.
അന്യസംസ്ഥാനക്കാർ തദ്ദേശീയർക്ക് അർഹതപ്പെട്ട തൊഴിലും വസ്തുവകകളും സ്വന്തമാക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ പ്രവേശനം നിയന്ത്രിക്കാനൊരുങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here