പോൾ മുത്തൂറ്റ് വധം: ആദ്യ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും; മറ്റ് പ്രതികൾക്ക് മൂന്നു വർഷം കഠിന തടവ്

തിരുവനന്തപുരം: പോൾ മുത്തൂറ്റ് വധക്കേസിൽ ആദ്യ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. ഒന്നും രണ്ടും പ്രതികളായ കാരി സതിശനും ജയചന്ദ്രനും 55,000 പിഴയും അടയ്ക്കണം. പത്തു മുതൽ 13 വരെയുള്ള പ്രതികൾക്ക് മൂന്നു വർഷം തടവും അയ്യായിരം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒമ്പതു പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തെളിവുകൾ നശിപ്പിച്ചതിനാണ് 10 മുതൽ 13 വരെയുള്ള പ്രതികൾക്ക് മൂന്നു വർഷം കഠിന തടവും പിഴയും വിധിച്ചത്.

ആദ്യ പതിമൂന്നു പ്രതികളും കുറ്റക്കാരാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പതിനാലാം പ്രതിയായി ചേർത്ത അനീഷിനെ കുറ്റക്കാരനല്ലെന്നു കണ്ടു കോടതി വെറുതെ വിട്ടു. ഇന്നലെ മൂന്നു പ്രതികൾ ഹാജരാകാതിരുന്നതിനെത്തുടർന്ന്് തിരുവനന്തപുരം സിബിഐ കോടതി വിധിപ്രസ്താവം മാറ്റിവച്ചിരുന്നു. രണ്ടാം പ്രതി ജയചന്ദ്രൻ, അഞ്ചാം പ്രതി സുജിത്ത്, ഹസൻ സന്തോഷ് എന്നിവരാണ് കോടതിയിൽ എത്താതിരുന്നത്.

2009ലാണ് പോൾ ജോർജ് ആലപ്പുഴ ചമ്പക്കുളം പൊങ്ങയിൽ വച്ച് എസി റോഡിൽ വച്ചു കുത്തേറ്റു മരിച്ചത്. ഗുണ്ടാത്തലവൻമാരായ ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരും ജോർജിനൊപ്പമുണ്ടായിരുന്നു. പോളിന്റെ മാരാരിക്കുളത്തെ റിസോർട്ടിലേക്കു പോവുകയായിരുന്നു ഇവർ. പോൾ സഞ്ചരിച്ചിരുന്ന എൻഡവർ കാർ ഒരു ബൈക്കിൽ തട്ടിയതിനെത്തുടർന്നുള്ള കശപിശയ്‌ക്കൊടുവിലാണ് കൊലപാതകമുണ്ടായത്. മറ്റൊരു ക്വട്ടേഷനുമായി ആലപ്പുഴയിലേക്കു പോവുകയായിരുന്നു കാരി സതീശിന്റെ സംഘം. കശപിശയ്ക്കിടയിൽ സതീഷ് പോളിനെ നാലുവട്ടം കുത്തുകയായിരുന്നു.

ഏറെ സംഭവബഹുലമായ അന്വേഷണത്തിനൊടുവിലാണ് കേസിൽ തുമ്പുണ്ടായത്. ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. രാജേഷും ഓംപ്രകാശും സംസ്ഥാനം വിട്ടതും സംശയത്തിനിട നൽകി. എന്നാൽ പോളുമായി നല്ല ബന്ധമുണ്ടായിരുന്നവരാണ് ഇരുവരുമെന്നു വ്യക്തമായതോടെയാണ് അന്വേഷത്തിൽ വഴിത്തിരിവുണ്ടായത്.

കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് അന്ന് ഐജിയായിരുന്ന വിൻസൻ എം പോൾ കണ്ടെത്തിയ എസ് കത്തിയും ഏറെക്കാലം ചർച്ചയായിരുന്നു. ആന്തരാവയവങ്ങളെ കീറി മുറിക്കുന്ന എസ് കത്തിയാണ് പോളിനെ കൊല്ലാൻ ഉപയോഗിച്ചതെന്നായിരുന്നു വിൻസൻ എം പോളിന്റെ കണ്ടെത്തൽ. പിന്നീട് കാരി സതീഷിനെ പിടികൂടി. സതീഷ് കുറ്റം സമ്മതിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News