മീററ്റ്; ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിന്റെ സഹോദരിമാരെ ശിക്ഷാ നടപടിയായി ബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ട നാട്ടുകൂട്ടത്തിന്റെ നടപടി ലോക മാധ്യമങ്ങളില്‍ ഇന്ത്യക്ക് കളിയാക്കല്‍ സമ്മാനിക്കുന്നു. എവിടെയും കേട്ടുകേള്‍വിയില്ലാത്ത ഹീനമായ സംഭവമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഈ സംഭവത്തെ പരിഹസിക്കുന്നത്. ഇത്രയും ക്രൂരമായ സംഭവമായിട്ടും നടപടിയെടുക്കാന്‍ മടിക്കുന്ന പൊലീസിന്റെ അനാസ്ഥയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ട്.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ദില്ലിയിലെ ഒരു കേന്ദ്രത്തിലാണുള്ളത്. ഒരാള്‍ പതിനഞ്ചു വയസില്‍ താഴെയുള്ളയാളാണ്. മൂത്ത കുട്ടി കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ടു തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ചിരുന്നു. ഇനിയും എപ്പോഴും ആക്രമണം ഉണ്ടാകാമെന്നും തങ്ങള്‍ ഒട്ടും സുരക്ഷിതരാണെന്നു കരുതുന്നില്ലെന്നും ഇരുവരും പറയുന്നു. ഇരുപത്തിമൂന്നു വയസുകാരിയാണ് ബലാത്സംഗത്തിന് ഇരയായ ഒരാള്‍.
ബലാത്സംഗം ചെയ്തശേഷം ഇരുവരെയും നാട്ടുകൂട്ടത്തിനു മുന്നിലൂടെ നഗ്നരായി നടത്തിക്കുകയും ചെയ്തിരുന്നു. അതീവഗുരുതരമായ പ്രശ്‌നമാണെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ സഹായവും ഇന്ത്യക്കു നല്‍കുമെന്നും യുകെ വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമ്മോണ്‍ഡ് പറഞ്ഞു.
സംഭവം നടന്നിട്ട് ഒരുമാസമായിട്ടും നടപടിയൊന്നുമുണ്ടായിരുന്നില്ല. മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇടപെട്ടപ്പോഴാണ് അന്വേഷണത്തിന് പൊലീസ് തയാറായത്. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന മട്ടിലാണ് പൊലീസിന്റെ പ്രതികരണം. കുടുംബത്തിനും പെണ്‍കുട്ടികള്‍ക്കും പൂര്‍ണ സംരക്ഷണം നല്‍കുന്നുണ്ടെന്നു മാത്രമാണ് പൊലീസ് പറയുന്നത്. നടപടിയെടുക്കാന്‍ പരാതിയില്ലെന്നും സംഭവം നടന്നതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു.
അതേസമയം, തങ്ങള്‍ ഹീനമായ അതിക്രമത്തിന് ഇരയായെന്ന പെണ്‍കുട്ടികളുടെ മൊഴി പരിഗണിക്കാന്‍ പൊലീസ് തയാറാകാത്തതാണ് ശ്രദ്ധേയം. ജാട്ട് വിഭാക്കാരിയായ യുവതിയുമായി പെണ്‍കുട്ടികളുടെ സഹോദരന്‍ ഒളിച്ചോടിയതാണ് നാട്ടുകൂട്ടത്തെ പ്രകോപിപ്പിച്ചത്. യുവാവിനെ പിന്നീട് പൊലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതായും പെണ്‍കുട്ടികള്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here