പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം; തീരുമാനം പ്രാദേശിക കോൺഗ്രസ് നേതാക്കൻമാരുടെ താൽപര്യമനുസരിച്ച്

തിരുവനന്തപുരം: ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുന്നത് സർക്കാർ തുടരുന്നു എന്നതിന്റെ സൂചനയാണ് പൊലീസ് തലപ്പത്തെ അഴിച്ചുപണി വ്യക്തമാക്കുന്നത്. പ്രാദേശിക കോൺഗ്രസ് നേതാക്കൻമാരുടെ അപ്രീതി പിടിച്ച് പറ്റിയാൽ സ്ഥാനം തെറിക്കുന്ന ഈ അവസ്ഥക്കെതിരെ പൊലീസ് തലപ്പത്ത് രോക്ഷം പുകയുകയാണ്.

ചൊൽപടിക്ക് നിൽക്കാത്ത ഐപിഎസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നത് സർക്കാർ തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്. നിലവിൽ വയനാട് എസ്പിയായ അജിത ബീഗത്തെ കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു തവണയാണ് സ്ഥലം മാറ്റിയത്. വയനാട്ടിൽ ആദിവാസി കോളനികൾ ദത്ത് എടുക്കൽ പോലെയുള്ള ജനോപകാര പ്രവർത്തങ്ങൾ നടപ്പാകാൻ ഒരുങ്ങുന്നതിനിടെയാണ് അജിത ബീഗത്തെ അപ്രതീക്ഷിതമായി സ്ഥലം മാറ്റിയത്.

കൽപറ്റ പൊലീസ് സ്റ്റേഷൻ നിന്ന് പ്രതികളെ മോചിപിച്ച സംഭവത്തിൽ ഉൾപ്പെട്ട കോൺഗ്രസ് നേതാക്കൾ എതിരെയും അവർ കേസ് എടുത്തിരുന്നു. കൂടാതെ മേലുദ്യോഗസ്ഥനോട് അപമാര്യദയോടെ പെരുമാറിയതിന് കോൺഗ്രസ് ബന്ധം ഉള്ള പൊലീസ് അസോസിയേഷൻ സംസ്ഥാന നേതാവിനെ അജിത ബീഗം അടുത്തിടെ സസ്‌പെന്റ് ചെയ്തിരുന്നു. ഈ നടപടിയാണ് സ്ഥല മാറ്റ പട്ടികയിൽ ആദ്യ ഘട്ടത്തിൽ പേര് ഇല്ലാതിരുന്നിട്ടും അജിത ബീഗവും ഇടം പിടിക്കാൻ കാരണമെന്ന് പോലീസിൽ സംസാരമുണ്ട്.

മാവോയിസ്റ്റുകൾ പിടിമുറുക്കാൻ ശ്രമിക്കുന്ന പ്രദേശങ്ങൾ ഉൾപെട്ട ജില്ലയിലെ പൊലീസ് അധിപൻ എന്നനിലയിൽ കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് മഞ്ജുനാഥിനെ പോലീസ് ആസ്ഥാനത്തേക്ക് ഇപ്പോൾ മാറ്റിയിരിക്കുന്നത്. നേരത്തെ മലപ്പുറം എസ്പിയായിരിക്കെ സമാനമായ സാഹചര്യത്തിൽ മഞ്ജു നാഥിനെ മുൻപും മാറ്റിയിട്ടുണ്ട്. തങ്ങളെ സർക്കാർ അകാരണമായി സ്ഥലം മാറ്റുന്നതായി ആരോപിച്ചു എസ്പിമാരായ അജിത ബീഗം, മഞ്ജുനാഥ് എന്നിവർ സെൻട്രൽ ട്രിബ്യുണലിനെ സമീപിച്ചിരുന്നു. ഇവർ കൊടുത്ത പരാതി ട്രിബ്യുണൽ പരിഗണനയിൽ ഇരിക്കെയാണ് ഇവരെ വീണ്ടും സ്ഥലം മാറ്റിയിരിക്കുനത്.

പ്രാദേശിക കോൺഗ്രസ് നേതാക്കൾ കൊടുത്ത പരാതിയെ തുടർന്നാണ് ദേബേഷ് കുമാറ ബെഹരയെയും നേരത്തെ കൊല്ലത്ത് നിന്ന് മലപ്പുറത്തിന് സ്ഥലം മാറ്റിയത്. രാഷ്ട്രീയ സമ്മത്ഥങ്ങൾക്ക് വഴങ്ങി ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയിൽ എത്തിയതായി ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പീപ്പിൾ ടിവിയോട് പറഞ്ഞു. സംസ്ഥാനത്തെ പല ഐപിഎസ് ഉദ്യോഗസ്ഥരും സെൻട്രൽ ഡെപ്യുറ്റേഷന് ശ്രമിക്കുന്നതായും വാർത്തകൾ ഉണ്ട്. പ്രാദേശിക നേതാക്കളുടെ താല്പര്യത്തിന് സർക്കാർ വഴങ്ങി കൊടുത്താൽ വരും ദിവസങ്ങളിൽ ഇവരിൽ പലരും കേരളം വിട്ടേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here