കാറില്‍ രക്തം പറ്റുന്നതോ ഒരു ജീവനോ വലുത്; അപകടത്തില്‍പെട്ടയാളെആശുപത്രിയിലെത്തിക്കാന്‍ മടിക്കുന്ന മലയാളിയോട് ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടയാള്‍ക്കു ചോദിക്കാനുള്ള കാര്യങ്ങള്‍

കുറച്ചു നാളുകള്‍ക്കു മുമ്പ് അപകടത്തില്‍ പെടുന്നവരോടുള്ള നമ്മുടെ സമീപനം എന്നു മാറും എന്ന തലവാചകത്തില്‍ ഒരു കുറിപ്പു കൈരളി ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായ സന്ദീപ് വെള്ളാരംകുന്നിന് കേരളത്തില്‍ നേരിട്ട ഒരു അനുഭവമായിരുന്നു അത്. വഴിയരികില്‍ അപകടത്തില്‍പെട്ടു കിടന്നയാളെ രക്ഷിക്കാനും ആശുപത്രിയിലെത്തിക്കാനും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍. ദൗര്‍ഭാഗ്യവശാല്‍ ആ അപകടത്തില്‍പെട്ടയാള്‍ ഇന്നലെ മരണത്തിനു കീഴടങ്ങി. സ്വന്തം കാറില്‍ രക്തം പറ്റുമെന്നു പറഞ്ഞ് അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം നല്‍കാതിരുന്നവരടക്കം നമ്മുടെ മനസാക്ഷി എത്ര മരവിച്ചതാണെന്നു വ്യക്തമാകുന്നതാണ് സന്ദീപിന്റെ അനുഭവം.

കണ്ണൂര്‍ സ്വദേശിയായ ബൈജു ജോസഫ് എന്നയാള്‍ എന്റെ ആരുമല്ല, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ഇയാളെ പരിചയപ്പെട്ടിട്ടുമില്ല. എന്നാല്‍ ബൈജു ജോസഫിന്റെ മരണ വാര്‍ത്ത ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു. ഒപ്പം അതു നമ്മുടെ സമൂഹ മനസാക്ഷിക്കു മുന്നില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഒപ്പം സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതിയെന്ന സ്വാര്‍ത്ഥതയുടെ കൂടി ബാക്കിപത്രമാണ് ബൈജുവെന്ന യുവാവിന്റ മരണം.

കഴിഞ്ഞ ഓഗസ്റ്റ് പത്താം തീയതി തിങ്കഴാഴ്ച. രാത്രി എട്ടരയോടെ കുമളിയില്‍ നിന്നു ഞാനും സുഹൃത്തായ ജോയി ചേട്ടനും ബൈക്കില്‍ വെള്ളാരംകുന്നിനു വരുകയായിരുന്നു. അടുത്ത സുഹൃത്തായ ജേക്കബിന്റെ പിതാവ് മരിച്ച ദിവസമായതിനാല്‍ കുമളിയില്‍ നിന്നു ജേക്കബിന്റെ വീട്ടിലേക്കായിരുന്നു ഞങ്ങളുടെ യാത്രാ ലക്ഷ്യം. വെള്ളാരംകുന്നില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ റോഡില്‍ രണ്ടു പേര്‍ കിടക്കുന്നു. അരികില്‍ ഒരു ബൈക്കുമുണ്ട്. ഉടന്‍ തന്നെ ഞങ്ങള്‍ ബൈക്കു നിര്‍ത്തി നോക്കിയപ്പോള്‍ ഒരാളിന്റെ തലയില്‍ നിന്നു രക്തം റോഡിലേക്ക് ഒഴുകിപ്പരക്കുന്നു. രണ്ടേു പേരെയും വിളിച്ചിട്ട് അനക്കമൊന്നുമില്ല. ഉടന്‍ തന്നെ ഏതെങ്കിലും വാഹനത്തില്‍ കയറ്റി ഇരുവരെയും ആശുപത്രിയിലെത്തിക്കാനായി ഞങ്ങളുടെ ശ്രമം. ആദ്യം വന്ന ഓട്ടോക്കാരനോട് കൈകാട്ടി നിര്‍ത്തി കാര്യം പറഞ്ഞതും ഒന്നും മിണ്ടാതെ വാഹനം തിരിച്ച് വന്നവഴിയെ ഓടിച്ചു പോയി, പിന്നീട് വന്ന രണ്ട് ഓട്ടോക്കാരും ഇതു തന്നെ ആവര്‍ത്തിച്ചു. ആ സമയം വന്ന ഒരു കാറിലുള്ളയാളിനോട് ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്നു പറഞ്ഞപ്പോള്‍ കാറില്‍ രക്തം പറ്റുമെന്നു പറയുകയും വാഹനം ഓടിച്ചു പോവുകയുമായിരുന്നു. രണ്ടു ബൈക്ക് യാത്രികരും തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ടു. ഞങ്ങള്‍ രണ്ടു പേരും നോക്കിയാല്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിയില്ലെന്നു മനസിലായതോടെ കൂടെയുണ്ടായിരുന്ന ജോയി ചേട്ടന്‍ ഓടിപ്പോയി അയല്‍ വീടുകകളിലുള്ളവരെ വിളിച്ചുകൊണ്ടുവന്നു. വാഹന സൗകര്യത്തിന്റെ കാര്യത്തില്‍ അപ്പോഴും തീരുമാനമായിരുന്നില്ല. ഒടുവില്‍ അല്‍പ്പം മടിയോടെയാണെങ്കിലും പിതാവിന്റെ മൃതദേഹത്തിനു സമീപമിരിക്കുന്ന ജേക്കബിനെ വിളിച്ചു കാര്യം പറഞ്ഞു. ഉടന്‍ തന്നെ വാഹനവുമായി ആളുകളെ വിടാമെന്നു ജേക്കബ് ഉറപ്പു നല്‍കി. പത്തു മിനിട്ടിനകം വ്യാപാരി വ്യവസായി അംഗങ്ങളും നാട്ടുകാരും ഉള്‍പ്പടെ നിരവധി വാഹനങ്ങളെത്തി. ഈ സമയം അതുവഴി വന്ന വെള്ളാരംകുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബന്ധുമായ യുവാവിന്റെ ഓട്ടോയും വിളിച്ചുവരുത്തിയിരുന്നു. ഒടുവില്‍ എല്ലാവരും കൂടി ഓട്ടോയില്‍ കയറ്റി കുമളിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ചെയ്ത ബൈജുവിനെ ബന്ധുക്കള്‍ നാട്ടിലേക്കു കൊണ്ടു പോയിരുന്നു, ഇതിനിടെയുണ്ടായ അണുബാധമൂലം കഴിഞ്ഞ ദിവസം ബൈജു മരണത്തിനു കീഴടങ്ങി.

അപകടത്തില്‍ പെട്ടവരെ കാണുമ്പോഴോ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുമ്പോഴോ അപകടത്തില്‍ പെട്ടവര്‍ ആരാണെന്ന് അറിഞ്ഞിരുന്നില്ല. വാഹനാപകടത്തില്‍ പെട്ടു വഴിയില്‍ കിടന്ന നിരവധിപ്പേരെ ആശുപത്രിയില്‍ എത്തിച്ചു ജീവന്‍ രക്ഷിച്ചിട്ടുള്ള ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ സുഗുണന്‍ ചേട്ടന്റെ ഉപദേശമായ ജീവന്‍ രക്ഷിക്കാന്‍ നമുക്കു കഴിയുന്നതു ചെയ്യുക എന്ന ഉപദേശമാണ് അപ്പോള്‍ ഓര്‍മയില്‍ വന്നത്. ബൈക്ക് ഓടിച്ചിരുന്ന ബിബിന്‍ എന്നയാളിനു കാര്യമായ പരിക്കു പറ്റിയിരുന്നില്ല. അപകടത്തില്‍പെട്ടവര്‍ സുഹൃത്തായ റിനേഷിന്റെ ജോലിക്കാരാണെന്ന വിവരം പിറ്റേന്നാണ് അറിഞ്ഞത്. മരിച്ച ബൈജുവാകട്ടെ മുന്‍പ് ഒപ്പം ദീപികയില്‍ ജോലി ചെയ്ത സുഹൃത്തിന്റെ അടുത്ത ബന്ധുവും. ബൈജു മരിച്ച വിവരം സൂചിപ്പിച്ച് ഞാന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റു കണ്ടു ദീപികയിലെ സുഹൃത്ത് രാവിലെ വിളിച്ചതോടെ ഒരു ബന്ധുവിനെ നഷ്ടപ്പെട്ട വേദന തോന്നുന്നു.

അപകടത്തിനു ശേഷം ആദ്യം വന്ന വാഹനങ്ങളിലൊന്നില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ബൈജുവിന്റെ മരണം സംഭവിക്കില്ലായിരുന്നുവെന്നു തന്നെയാണ് ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. അപകട സമയത്ത് വന്ന വാഹനങ്ങളിലുള്ളവരെല്ലാം പറഞ്ഞത് കേസിനും കോടതിക്കും പോകാന്‍ കഴിയില്ലെന്നാണ്. വാഹനാപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കുന്നവര്‍ക്ക് യാതൊരു പ്രശ്‌നവും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന കാര്യത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്നു തോന്നുന്നു. ഒപ്പം വാഹനാപകടത്തില്‍ പെട്ട് എത്തുന്നവര്‍ക്ക് ഏറ്റവും വേഗത്തില്‍ വിദ്ഗ്ധ തചികിത്സ നല്‍കുന്നതിനുള്ള സൗകര്യവും ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. അപകടത്തില്‍ പെടുന്നവരെല്ലാം ആരുടെയെങ്കിലുമൊക്കെ വേണ്ടപ്പെട്ടവരാണെന്ന യാഥാര്‍ഥ്യം അപകടസ്ഥലത്തു നിന്നു മുഖം തിരിച്ചു പോകുന്നവര്‍ മറക്കരുത്. ഇന്നു ഞാന്‍ നാളെ നീ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News