ദില്ലി: അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ ഒരു ഹ്രസ്വയുദ്ധത്തിന് തയാറായിരിക്കാന്‍ സൈന്യത്തോട് കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്. ദില്ലിയില്‍ സേനാ സെമിനാറില്‍ സംസാരിക്കുകയായിരുന്നു സേനാ മേധാവി. ഇപ്പോള്‍ യുദ്ധം നടത്തണമെന്നല്ല പറയുന്നത്. താക്കീതുകള്‍ നല്‍കുന്നുണ്ട്. അടിയന്തര ഘട്ടമുണ്ടായാല്‍ ചെറിയ യുദ്ധത്തിനുള്ള സാഹചര്യമുണ്ടാകും. അതുകൊണ്ട് എപ്പോഴും സേന തയാറായിക്കണം. ഇതു തന്ത്രപരമായ സജ്ജമാവലിന്റെ ഭാഗം കൂടിയാണെന്നും ജനറല്‍ ദല്‍ബീര്‍ സിംഗ് പറഞ്ഞു.

വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ സൈന്യം കൂടുതല്‍ ജാഗ്രത്തായിട്ടുണ്ട്. ഇന്ത്യക്കു നേരേയുള്ള ഭീഷണികളും വെല്ലുവിളികളും കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. അതിര്‍ത്തി കടന്നു തീവ്രവാദപ്രവര്‍ത്തനങ്ങളും വര്‍ധിക്കുകയാണ്. അതിനുദാഹരണമാണ് അടുത്തകാലത്തായി പഞ്ചാബിലും ജമ്മു കശ്മീരിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍. ഇന്ത്യക്കു വേണ്ടി ജീവനര്‍പ്പിച്ച ജവാന്‍മാര്‍ക്ക് സേനാ മേധാവി ആദര്‍മര്‍പ്പിക്കുകയും ചെയ്തു.