ദില്ലി/തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ സംയുക്തമായി രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ദേശീയതലത്തിൽ ഭാഗികം. ബാങ്കിങ്, ഇൻഷുറൻസ് മേഖലയിൽ സമരം ഏറക്കുറെ പൂർണമായിരുന്നു. വിവിധ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ, ഖനികൾ, ഭിലായ് സ്റ്റീൽ ഉൾപ്പെടെ ഫാക്ടറികൾ, ബി.എസ്.എൻ.എൽ അടക്കം സർക്കാർ സ്ഥാപനങ്ങൾ എന്നിവയെ പണിമുടക്ക് ബാധിച്ചുവെന്നും സംയുക്ത ട്രേഡ് യൂണിയൻ പത്രക്കുറിപ്പിൽ അറിയിച്ചു.
Trade Unions’ nation-wide strike: Clash between TMC & CPIM workers in Murshidabad (West Bengal) pic.twitter.com/mePdjN2PjK
— ANI (@ANI_news) September 2, 2015
പശ്ചിമ ബംഗാൾ മുർഷിദാബാദിൽ പ്രകടനം നടത്തുകയായിരുന്ന സിപിഐഎം പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തി. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലും സംഘർഷമുണ്ടായി. ദില്ലിയിൽ ബസുകളും മെട്രോ ട്രെയിനുകളും സർവ്വീസ് നടത്തുന്നുണ്ട്. ചെന്നൈയെയും മുംബൈയെയും പണിമുടക്ക് ബാധിച്ചില്ല.
കേരളത്തിൽ പണിമുടക്ക് പൂർണമായിരുന്നു. വാഹനങ്ങൾ നിരത്തിലിറങ്ങാതിരിക്കുകയും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയും ചെയ്തതോടെ പണിമുടക്ക് ഹർത്താലായി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളും ടാക്‌സി, ഓട്ടോ സർവിസുകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ മാത്രം റോഡിലിറങ്ങി. സർക്കാർ ഓഫിസുകളിലും ബാങ്കുകളിലും ഹാജർനില കുറവായിരുന്നു. സെക്രട്ടേറിയറ്റിൽ ഉച്ചവരെ 21.48 ശതമാനം ആയിരുന്നു ഹാജർ.
വിലക്കയറ്റം നിയന്ത്രിക്കുക, റെയിൽവേ, ഇൻഷുറൻസ്, പ്രതിരോധ മേഖലകളിൽ നേരിട്ടുള്ള വിദേശ മുതൽമുടക്ക് അനുവദിക്കാതിരിക്കുക, തൊഴിൽ നിയമ ഭേദഗതിക്കുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പാൽ, പത്രം, വിവാഹം, റെയിൽവേ, ആശുപത്രി തുടങ്ങിയ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചു.
സിഐടിയു, ഐഎൻടിയുസി, എസ്ടിയു, ഐടിയുസി, എച്ച്എംഎസ് ഉൾപ്പടെ 10 പ്രമുഖ തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുത്തത്. ബിഎംഎസ് ആദ്യം പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാറിന് ആറുമാസത്തെ സാവകാശംകൂടി നൽകണമെന്നും വിഷയങ്ങൾ പരിഗണിക്കാമെന്ന ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും വിശദീകരിച്ചാണ് ബിഎംഎസ് പണിമുടക്കിൽനിന്ന് പിൻമാറിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here