സെൻസർ കോപ്പി, മുണ്ട് വിവാദങ്ങൾ വഴിമാറി; മലരിനെയും ജോർജ്ജിനെയും കോഴികളെയും മലയാളികൾ സ്വീകരിച്ചു; പ്രേമം നൂറ് ദിവസം പിന്നിട്ടു

മലരും സെലിനും മേരിയും ജോർജ്ജും കോഴികളും മലയാളികളുടെ കൂടെ കൂടിയിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. മേയ് 29ന് റിലീസ് ചെയ്ത പ്രേമത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. അതിനിടെയിൽ സെൻസർ കോപ്പിയും വ്യാജനും രംഗത്തെത്തിയതോടെ ചിത്രം ചർച്ചയായി. തൊട്ട് പിന്നാലെ ക്യാമ്പസുകളിൽ പ്രേമം മുണ്ടും ഷർട്ടും തരംഗമായതോടെ ചിത്രം വീണ്ടും വിവാദത്തിലായി. ഇതിനെയെല്ലാം മറികടന്നാണ് ചിത്രം 100 ദിവസം തികച്ചത്.

മലയാള സിനിമ ചരിത്രത്തിലെ കളക്ഷൻ റെക്കോഡുകൾ തകർത്തു കൊണ്ടാണ് പ്രേമം മുന്നേറുന്നത്. നാലു കോടി രൂപ മുടക്കുമുതലിൽ നിർമ്മിച്ച പ്രേമം 25 ദിവസം കൊണ്ട് 30 കോടിയെന്ന റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. അവസാനറിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ കളക്ഷൻ 70 കോടിക്ക് മുകളിലാണെന്നാണ്.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകന്റെ മൂന്നു കാലഘട്ടങ്ങളിലും അയാളുടെ കൂടെയുണ്ടാവുന്ന മറ്റു കഥാപാത്രങ്ങളും ചിത്രത്തോടൊപ്പം സൂപ്പർഹിറ്റായി. മലരും മേരിയും സെലിനുമായി എത്തിയ നായികമാരും മലയാളികളുടെ മനസിൽ ഇടം നേടി.

ചിത്രം സൂപ്പർഹിറ്റായതോടെ മറ്റുഭാഷകളിലേക്ക് റീമേക്ക് ചെയ്യാനും അണിയറപ്രവർത്തകർ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News