ജയ്പൂർ: രാജസ്ഥാനിൽ നൈറ്റ് പാർട്ടിക്കിടെയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 27 പേർ അറസ്റ്റിൽ. പ്രമുഖ നർത്തകിയായ ഭവാനി സപേരയുടെ മകൻ ഗുലാബോയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭവാനി സപേരയുടെ ഫാം ഹൗസിൽ വച്ചാണ് പാർട്ടി നടന്നത്. ഗുലാബോയുടെ നേതൃത്വത്തിലാണ് പാർട്ടി സംഘടിപ്പിച്ചതെന്നും മയക്കുമരുന്നും മദ്യവും പാർട്ടിയിൽ വിതരണം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
ഫിൻലൻഡ് സ്വദേശിനിയായ യുവതിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. അറസ്റ്റിലായവരെല്ലാം കൗമാരപ്രായക്കാരാണെന്നും എല്ലാവരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സ്ഥലത്തുനിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് വസ്തുക്കൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പാർട്ടിക്കിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായും സൂചനയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, പരിപാടിയിൽ മകൻ എങ്ങനെയാണ് ഉൾപ്പെട്ടതെന്ന് അറിയില്ലെന്ന് ഭവാനി പ്രതികരിച്ചു. വിദേശവനിതയുമായി മകന് ബന്ധമില്ല. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് പോവുകയാണെന്നാണ് തന്നോട് പറഞ്ഞതെന്നും ഭവാനി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post