ആത്മഹത്യ ചെയ്ത അധ്യാപകനെ മുന്നിയൂര്‍ സ്‌കൂള്‍ പുറത്താക്കിയത് വ്യാജ ഉത്തരവിലൂടെ; നിര്‍ണായക വിവരം പുറത്തുവരുന്നത് അനീഷ് ആത്മഹത്യ ചെയ്തിട്ട് ഒരു വര്‍ഷമാകുന്ന ദിവസം

മലപ്പുറം: ജോലി നഷ്ടപ്പെട്ടതില്‍ മനം നൊന്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. മലപ്പുറം മുന്നിയൂര്‍ സ്‌കൂള്‍ ആധ്യാപകന്‍ കെ കെ അനീഷിനെ ഇല്ലാത്ത ഉത്തരവിലൂടെയാണ് സ്‌കൂള്‍ പുറത്താക്കിയതെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. അനീഷ് ജീവനൊടുക്കിയിട്ട് ഇന്ന് ഒരുവര്‍ഷം തികയുമ്പോഴാണ് നിര്‍ണായക വിവരം പുറത്തുവരുന്നത്.

അനീഷിനെ ജോലിയില്‍നിന്നു പുറത്താക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതായി ഒരു രേഖയിലുമില്ല. വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് ഒരു ഫയലുകളിലുമില്ല. ഡിഡിഇ ഓഫീസിലെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരമൊരു ഉത്തരവുള്ളതായി ഫെയര്‍ രജിസ്റ്ററിലോ കൈമാറിയതായി ഡെസ്പാച്ച് രജിസ്റ്ററിലോ നേരിട്ടു കൈമാറിയതായോ രേഖകളില്ല.

മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകനായിരുന്നു അനീഷ്. 34 കാരനായ അനൂപിനെ കഴിഞ്ഞവര്‍ഷം ഇതേ ദിവസമാണ് പാലക്കാട്ടെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2013 ഫെബ്രുവരി അഞ്ചിന് മൂന്നിയൂര്‍ സ്‌കൂളില്‍ നടന്ന പ്രശ്‌നമാണ് അനീഷിന്റെ സസ്‌പെന്‍ഷനിലും പിരിച്ചുവിടലിലും കലാശിച്ചതെന്നാണ് ആരോപണം. കമ്പ്യൂട്ടര്‍ ലാബില്‍ ചെരിപ്പിട്ട് കയറിയതിനെ തുടര്‍ന്ന് അറ്റന്‍ഡറുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.
തര്‍ക്കം ആദ്യം പറഞ്ഞവസാനിപ്പിച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും അടിപിടിക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതേത്തേുടര്‍ന്ന് 2013 മാര്‍ച്ച് രണ്ടിനാണ് സ്‌കൂളില്‍നിന്ന് അനീഷിനെ സസ്‌പെന്റ് ചെയ്തത്.

പുറത്താക്കി ഒരു വര്‍ഷവും നാല് മാസവും പിന്നിട്ടിട്ടും ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ കൂട്ടാക്കാതിരുന്നതോടെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാനേജരുടെ വാശിയാണ് കാരണമെന്നും നോട്ടീസ് കൊടുക്കാതെയാണ് പുറത്താക്കലുണ്ടായതെന്നും ആരോപണമുണ്ടായിരുന്നു. അനീഷിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസറും അനീഷിന് അനുകൂലമായ നിലപാടാണെടുത്തത്. സസ്‌പെന്‍ഷന്‍ പുനപരിശോധിക്കണമെന്നായിരുന്നു ഡിഇഒയുടെ റിപ്പോര്‍ട്ട്. അനീഷിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു മുന്നിയൂര്‍ പഞ്ചായത്ത് ഓഫീസ്, സ്‌കൂള്‍, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ദിവസങ്ങള്‍ നീണ്ട സമരവും നടന്നു. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ഗോപി വിരമിക്കുന്ന ദിവസമാണ് അനീഷിനെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങിയത്. തുടര്‍ന്ന് അനീഷ് പാലക്കാട്ടെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്തു.

ഈ ഉത്തരവാണ് ഇപ്പോള്‍ വ്യാജമാണെന്നു വ്യക്തമാകുന്നത്. 2006 ജൂണ്‍ 17നാണ് അനീഷ് ജോലിയില്‍ പ്രവേശിച്ചത്. അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അധികൃതര്‍ ഇദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനത്തെ അനുകൂലിച്ചിരുന്നില്ലെന്നാണ് കെ.എസ്.ടി.എ ഭാരവാഹികള്‍ പറയുന്നത്. കെ.എസ്.ടി.എ യൂണിറ്റ് സെക്രട്ടറിയായും ഉപജില്ലാ കമ്മറ്റിയംഗവുമായും സജീവമായിരുന്ന അനീഷ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News