മനാമ: ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു. ഏറെക്കാലമായി ഹജ്ജ് മന്ത്രാലയത്തിന് കീഴില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെയാണ് സഹായികളായി സ്ഥിരപ്പെടുത്തിയത്. വിവിധ ഭാഗങ്ങളില്‍നിന്ന് സൗദി സര്‍ക്കാരിന്റെ നടപടി പ്രശംസ നേടുമ്പോള്‍ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി.
നൂറു വനിതകളെ തീര്‍ഥാടകര്‍ക്കുള്ള സഹായികളെ നിയമിക്കാനായിരുന്നു മന്ത്രാലയത്തിന് ലഭിച്ച ശിപാര്‍ശ. തീര്‍ഥാടനകാലം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ പേരെ നിയമിച്ചേക്കുമെന്നാണ് സൂചന. ഇവരെ മക്കയിലെയും മദീനയിലെയും ഓഫീസുകളിലായിരിക്കും നിയോഗിക്കുക.
സ്ത്രീകളെ സഹായിക്കാനും അവരുമായി ആശയവിനിമയം നടത്താനും സ്ത്രീകള്‍തന്നെയാണ് വേണ്ടതെന്നആവശ്യം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സൗദി സര്‍ക്കാരിന്റെ നീക്കത്തിന് സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലാണ് പിന്തുണ ലഭിക്കുന്നത്. തീര്‍ഥാടകരെ സഹായിക്കുന്ന കാര്യങ്ങളില്‍ സ്ത്രീകള്‍ക്കു കായികശേഷിക്കുറവുണ്ടെന്നാണ് വിമര്‍ശനമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരത്തില്‍ സ്ത്രീകളെ നിയോഗിച്ചാല്‍ അധികം വൈകാതെ പീഡന പരാതികള്‍ ഉയരുമെന്നാണ് ഒരു വിമര്‍ശകന്‍ ചൂണ്ടിക്കാട്ടിയത്. സ്ത്രീകള്‍ പുരുഷന്‍മാരുമായി അടുത്തിടപഴകുന്നതിനു വഴിയൊരുക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ഇത് അവരുടെ കുടുംബബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് അവകാശങ്ങളും തുല്യതയും നിഷേധിച്ചിരുന്ന സൗദിയില്‍ അബ്ദുള്ള രാജാവിന്റെ കാലത്താണ് അനുകൂലമായ നടപടികളുണ്ടായത്. ലോകത്തിന്റെയാകെ പ്രശംസ നേടിയ നീക്കങ്ങളായിരുന്നു ഇത്. ഇതിന്റെ തുടര്‍ച്ചയായാണ് സ്ത്രീകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍.
Get real time update about this post categories directly on your device, subscribe now.
Discussion about this post