മുംബൈ: ഷീന ബോറ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ദ്രാണിയുടെ ഭർത്താവും മുൻ സ്റ്റാർ ഇന്ത്യാ മേധാവിയുമായ പീറ്റർ മുഖർജിയെ പൊലീസ് ചോദ്യംചെയ്തു. ഖാർ പൊലീസ് സ്റ്റേഷനിൽ രാവിലെ പത്തരയോടെ എത്തിയ അദ്ദേഹത്തെ 12 മണിക്കൂറോളമാണ് അന്വേഷണസംഘം ചോദ്യംചെയ്തത്. പീറ്റർ മുഖർജിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തു.
ഇന്ദ്രാണി അറസ്റ്റിലായതിന്റെ പിന്നാലെ പീറ്റർ മുഖർജി പൊലീസ് സ്റ്റേഷനിലെത്തി വിശദീകരണം എഴുതിനൽകിയിരുന്നു. അന്ന് ഇത് സ്വീകരിക്കാതിരുന്ന പൊലീസ് ബുധനാഴ്ച ചോദ്യംചെയ്യാൻ വിളിച്ചുവരുത്തുകയായിരുന്നു. പീറ്ററിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. ഷീന കൊല്ലപ്പെട്ടശേഷം ഇന്ദ്രാണി ലണ്ടനിലാണ് കഴിഞ്ഞിരുന്നത്. ഇത് പീറ്ററിന്റെ സമ്മതത്തോടെയും സഹായത്തോടെയുമായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ മൊഴിയല്ല നൽകിയതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, മുംബൈ പൊലീസിന്റെ മറ്റൊരു സംഘം ഇന്ദ്രാണി മുഖർജിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടെ ലാപ്‌ടോപ്പും ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും പരിശോധിച്ചു. സഞ്ജീവ് ഖന്നയുടെ കൊൽക്കത്തയിലെ വസതിയിലായിരുന്നു പരിശോധന.
അന്വേഷണത്തിന്റെ ഭാഗമായി കൊൽക്കത്തയിൽ എത്തിയ അന്വേഷണസംഘം ബുധനാഴ്ച രാവിലെയാണ് സഞ്ജീവ് ഖന്നയുടെ വസതിയിൽ എത്തിയത്. സഞ്ജീവ് ഖന്നയുടെ ലാപ്‌ടോപ് സംഘം പിടിച്ചെടുത്തിരുന്നു. കൊൽക്കത്ത പൊലീസും മുംബൈ പൊലീസിന് ഒപ്പമുണ്ടായിരുന്നു. അതേസമയം, കേസ് അന്വേഷണത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരുവിധ സൂചനയും ലഭിച്ചിട്ടില്ലെന്ന് കൊൽക്കത്ത പൊലീസ് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post