സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കുമെന്ന് സിപിഐ നേതാവ്; ആദ്യമായി പോൺ ചിത്രം കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നിയെന്നും നേതാവ്

ദില്ലി: സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കാൻ കാരണമാകുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് അതുൽ കുമാർ അഞ്ചാൻ. സണ്ണി അഭിനയിച്ച പരസ്യം ‘ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും സംവേദനശക്തിയെ നശിപ്പിക്കുകയുമാണ്’ ചെയ്യുന്നതെന്നാണ് നേതാവിന്റെ അഭിപ്രായം. ഈ പരസ്യം ജനങ്ങൾ കണ്ടാൽ ബലാത്സംഗങ്ങളുടെ എണ്ണം വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.

ബോളിവുഡിൽ എത്തുന്നതിന് മുമ്പ് നിരവധി പോൺ ചിത്രങ്ങളിൽ അഭിനയിച്ചവരാണ് സണ്ണി ലിയോണെന്നും വീഡിയോയിൽ ഇദ്ദേഹം ആഞ്ഞടിച്ചു. ഇത്തരം പരസ്യങ്ങൾ അനുവദിക്കുന്നത് മൂല്യച്യുതിക്ക് ഇടയാക്കുമെന്നും അതുൽ കുമാർ ആരോപിച്ചു. ഉത്തർപ്രദേശിലെ ഗാസിപൂരിലെ റാലിയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അതുൽകുമാർ അഞ്ചാൻ സംസാരിക്കുന്നതിന്റെ വീഡിയോ ഖബർ ഇന്ത്യ എന്ന ചാനൽ യുട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആദ്യമായി പോൺ ചിത്രങ്ങൾ കണ്ടപ്പോൾ തനിക്ക് ഛർദ്ദിക്കാൻ വന്നെന്നും ജീവിതത്തിൽ പിന്നീട് താൻ പോൺ ചിത്രങ്ങൾ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2014 ഡിസംബറിൽ മാൻഫോഴ്‌സ് എന്ന കോണ്ടത്തിന്റെ പരസ്യത്തിൽ സണ്ണി ലിയോൺ അഭിനയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here