മനഃസാക്ഷി തീണ്ടാത്ത തീരം; അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ യൂറോപ്പിന്റെ നേര്‍സാക്ഷ്യമായി മൂന്നുവയസുകാരന്റെ ചിത്രം

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നആര്‍ക്കും വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ ചിത്രം. കടല്‍ത്തീരത്ത് മുഖം പൂഴ്ത്തിക്കിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശരീരം പറയുന്നുണ്ട് എല്ലാം. യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ നേര്‍ സാക്ഷ്യമാണ് അയ്‌ലന്‍ കുര്‍ദി എന്ന മൂന്നുവയസുകാരന്റെ ചേതനയറ്റ ശരീരം. സിറിയന്‍ നഗരമായ കൊബാനെയില്‍ നിന്ന്് തുര്‍ക്കിയിലേക്ക് കടല്‍ വഴിയുളള പലായനം അയ്‌ലനൊപ്പം അമ്മ രഹാനെയുടെയും അഞ്ച് വയസുകാരനായ ജ്യേഷ്ഠന്‍ ഗാലിപ് കുര്‍ദിയുടെയും ജീവനെടുത്തു. ബോട്ട് കടലില്‍ മുങ്ങിത്താഴുന്നതിനിടെ നീന്തി രക്ഷപെട്ടത് അച്ഛന്‍ അബ്ദുളള കുര്‍ദി ഉള്‍പ്പടെ ഒന്‍പത് പേര്‍ മാത്രം. ഇരുപത്തിനാല് പേരുളള ബോട്ടില്‍ നിന്ന് മധ്യധരണ്യാഴി ജീവനെടുത്തത് അയ്‌ലന്‍ കുര്‍ദി ഉള്‍പ്പടെ 14പേരുടെ ജീവനാണ്.

തുര്‍ക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കടല്‍ത്തീരത്താണ് അയ്‌ലന്റെ മൃതദേഹം അടിഞ്ഞത്. ചേതനയറ്റ കുഞ്ഞുശരീരം പൊലീസ് എടുത്തുമാറ്റും മുന്‍പ് ഡോഗന്‍ ന്യൂസ് ഏജന്‍സിയുടെ ഫോട്ടോഗ്രാഫറാണ് ഈ ദാരുണ ചിത്രം പകര്‍ത്തിയത്. ഡോഗന്‍ ന്യൂസ് ഏജന്‍സി ചിത്രം പുറത്ത് വിട്ട് നിമിഷങ്ങള്‍ക്കകം ലോകത്തിലെ പ്രമുഖ പത്രങ്ങളും സോഷ്യല്‍മീഡിയയും ഏറ്റെടുത്തു. ‘മനുഷ്യത്വമില്ലാത്ത തീരം’എന്ന ഹാഷ്ടാഗില്‍ നിമിഷങ്ങള്‍ക്കകം ചിത്രം ട്വിറ്ററില്‍ ടോപ് റേറ്റഡ് ആയി മാറി.

അസാധാരണമായ കരുത്തുള്ള ഈ ചിത്രം അഭയാര്‍ത്ഥികള്‍ക്കെതിരായ യൂറോപ്യന്‍ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുമോ എന്നാണ് ചിത്രം പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് ദിനപത്രമായ ഇന്‍ഡിപെന്‍ഡന്റ് ഉയര്‍ത്തിയ ചോദ്യം. ഇന്‍ഡിപെന്‍ഡന്റ്, ദി സണ്‍ എന്നീ പത്രങ്ങം ഈ ചിത്രം മാത്രമാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. ചിത്രം ലോകമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ പ്രതിഷേധമാണ് ലോകമെമ്പാടും ഉയര്‍ന്നത്. അഭയാര്‍ത്ഥി പ്രശ്‌നത്തിലെ പുതിയ സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ യൂറോപ്യന്‍ യൂണിയന് അധികാരം നല്‍കുന്നത് തീരുമാനിക്കാനുള്ള കരട് പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ചര്‍ച്ച ചെയ്തു.

ഉത്തര ആഫ്രിക്കന്‍ പ്രദേശത്ത് നിന്നും ഈ വര്‍ഷം ഇതുവരെ മാത്രം മൂന്നര ലക്ഷത്തിലധികം പേരാണ് യൂറോപ്പിലേക്ക് കുടിയേറാന്‍ തയ്യാറെടുത്തത് എന്നാണ് ഔദ്യോഗിക കണക്ക്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ മനുഷ്യക്കടത്തുകാരുടെ ഇരകളായവരുടെ യഥാര്‍ത്ഥ കണക്ക് ഇതിലേറെ വരും.

യൂറോപ്പിലെ കുടിയേറ്റനിയമം പുനഃപരിശോധിക്കണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നിവര്‍ കുടിയേറ്റ വിഷയത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യപ്പെട്ട് രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News