തദ്ദേശ തെരഞ്ഞെടുപ്പ് തീരുമാനിക്കേണ്ടത് കമ്മീഷനെന്ന് ഹൈക്കോടതി; കോടതി ഇടപെടില്ല

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കേണ്ടത് ഹൈക്കോടതിയല്ലെന്ന് ചീഫ്ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. വാര്‍ഡ് പുനര്‍വിഭജനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തില്‍ കഴിഞ്ഞയാഴ്ച നല്‍കിയ ഇടക്കാല ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സര്‍ക്കാരിന്റെ ഒരുവാദവും കോടതി അംഗീകരിച്ചില്ല.

തെരഞ്ഞെടുപ്പ് നവംബറില്‍ നടത്താമെന്നും ഡിസംബറില്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തുമെന്നും കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചിരുന്നു. ഈ സത്യവാങ്മൂലവും തള്ളിക്കൊണ്ടാണ് കോടതി അന്തിമവിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തിയ്യതി കമ്മീഷന് തീരുമാനിക്കാം. എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണം എന്നതും കമ്മീഷനാണ് നിശ്ചയിക്കേണ്ടത്. ഇക്കാര്യത്തില്‍ കമ്മീഷന് സ്വാതന്ത്ര്യം നല്‍കിയതാണെന്നും കോടതി വ്യക്തമാക്കി.

കോടതി വഴി തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഈ നീക്കത്തിനാണ് കോടതിയില്‍ നിന്ന് തന്നെ സര്‍ക്കാരിന് തിരിച്ചടി ലഭിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച പ്രകാരം നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇതിന് എല്ലാവിധി സഹായങ്ങളും കമ്മീഷന് സര്‍ക്കാര്‍ ചെയ്തു കൊടുക്കണമെന്ന് കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവില്‍ തന്നെ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here