ടിവി കാണല്‍, സൗഹൃദങ്ങളില്ലാതിരിക്കല്‍, അമിതഭക്ഷണം… നിങ്ങളെ ഹൃദ്രോഗിയാക്കുന്ന പത്തു ജീവിതരീതികള്‍

പുതിയകാലത്തെ സര്‍വസാധാരണമായ രോഗങ്ങളില്‍ പെടും ഹൃദയത്തിനുണ്ടാകുന്നവ. പലപ്പോഴും നമ്മുടെ ജീവിതരീതികളാണ് ഇത്തരം രോഗങ്ങളിലേക്കു നയിക്കുന്നത്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഹൃദയത്തെ സംരക്ഷിക്കാമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

ടി വി കാണല്‍
ദിവസം നാലു മണിക്കൂറിലധികം ടിവി കാണുന്നവര്‍ക്ക് ഹൃദ്രോഗങ്ങളും ഹൃദയധമനീ രോഗങ്ങളും വരാനുള്ള സാധ്യത 80 ശതമാനം അധികമാണെന്നാണ് വിലയിരുത്തല്‍. ആരോഗ്യകരമായ ശരീരമുണ്ടെങ്കിലും ദീര്‍ഘനേരം ടിവിക്കും കംപ്യൂട്ടറിനും മുമ്പില്‍ ഇരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും ഫാറ്റിന്റെയും അളവില്‍ വലിയ മാറ്റമുണ്ടാക്കും. ദിവസവും ആറും എട്ടും മണിക്കൂറും ഓഫീസില്‍ ജോലി ചെയ്ത ശേഷമാണ് പലരും വീട്ടില്‍ പോയി മണിക്കൂറുകള്‍ ടിവിക്കും കംപ്യൂട്ടറിനും മുമ്പിലിരിക്കുന്നത്. ഇത് ഹൃദയധമനിയെ ദോഷം ചെയ്യുന്നതാണെന്ന് ഇനിയെങ്കിലും മനസിലാക്കാം.

മാനസിക സമ്മര്‍ദവും ഡിപ്രഷനും
മാനസികസമ്മര്‍ദമോ ഡിപ്രഷനോ തോന്നിയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക. ചികിത്സ വേണമെങ്കില്‍ അതു തേടുക. ഈ വൈകാരിക വികാരങ്ങള്‍ ശരീരത്തെ വലിയതോതില്‍ ബാധിക്കും. കൂട്ടുകാരും ചിരികളൊന്നും ഇല്ലെങ്കില്‍ ശരീരത്തിനും ഹൃദയത്തിനും അതു ഗുരുതരമായ പ്രശ്‌നമായിരിക്കും ഉണ്ടാക്കുക. എന്തെങ്കിലും മനോ വിഷമങ്ങളുണ്ടെങ്കില്‍ പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നത് മാനസിക സമ്മര്‍ദവും ഡിപ്രഷനും കുറയ്ക്കാന്‍ വലിയ തോതില്‍ സഹായിക്കും.

കൂര്‍ക്കംവലി
ഉറക്കത്തില്‍ ഹൃദയാഘാതം മൂലമുള്ള മരണത്തിലേക്കു വഴിതുറക്കുന്നതാണ് കൂര്‍ക്കംവലി. നമ്മള്‍ പലപ്പോഴും ഉറക്കത്തിലെ പ്രശ്‌നമെന്നു പറഞ്ഞു തള്ളിക്കളയുന്ന കൂര്‍ക്കം വലിമൂലം മരിച്ചുപോയ നിരവധി പേരുണ്ട്. കൂര്‍ക്കംവലി മൂലം അല്‍പനേരത്തേക്കു ശ്വാസോച്ഛ്വാസം തടസപ്പെടുമെന്നും അതു രക്തസമ്മര്‍ദം വലിയ രീതിയില്‍ ഉയരുന്നതിന് വഴിയൊരുക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തടി കൂടിയവര്‍ക്കാണ് ഈ രോഗത്തിന് സാധ്യത കൂടുതല്‍. നിരന്തരമായി കൂര്‍ക്കം വലിക്കുകയും രാവിലെ എഴുനേല്‍ക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുകയാണെങ്കില്‍ അടിയന്തരമായി ഡോക്ടറെ കാണണം.

പല്ലുകളുടെ ആരോഗ്യം
പല്ലിനും മോണയ്ക്കും ഉണ്ടാകുന്ന വേദനയും രോഗങ്ങളും ഹൃദ്രോഗത്തിലേക്കുള്ള വഴിയാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്താണ് ഇതു തമ്മിലുള്ള ബന്ധം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും പല്ലിലും മോണയിലും പ്രവര്‍ത്തിക്കുന്ന ബാക്ടീരിയകള്‍ ശരീരത്തില്‍ നീര്‍ക്കെട്ടുവര്‍ധിപ്പിക്കുന്നതു മൂലം രക്തധമനീ രോഗങ്ങളുണ്ടാവുകയാണെന്നാണ് നിഗമനം.

ലോകവുമായുള്ള ബന്ധം
ഇപ്പോഴത്തെ ലോകസാഹചര്യം സുഹൃത്തുക്കള്‍ കുറഞ്ഞുവരുന്നതാണ്. പലരും സൗഹൃദങ്ങളില്‍നിന്ന് അകന്നുപോകുന്നു. പലര്‍ക്കും സൗഹൃദങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ട സമയം കിട്ടുന്നില്ല. ഇതൊക്കെ ഹൃദ്രോഗമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബം, സുഹൃത്തുക്കള്‍, സമൂഹം എന്നിവയുമായുള്ള നിരന്തര അടുപ്പം കൂടുതല്‍ കാലം ജീവിക്കാനുള്ള വഴിയൊരുക്കും. സ്വന്തമായി സമയം വേണമെന്ന് ആഗ്രഹിക്കുമ്പോഴും കൂട്ടുകാരോടും കുടുംബത്തോടും ഒപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തണമെന്നാണ് നിര്‍ദേശം.

മദ്യപാനം
വളരെ കുറഞ്ഞ അളവിലുള്ള മദ്യപാനം ഹൃദയത്തിന് ഗുണകരമാണ്. എന്നാല്‍ അധികമായാല്‍ അമൃതും വിഷമെന്നു പറഞ്ഞപോലെയാണിത്. മദ്യപാനം കൂടിയാല്‍ ഹൃദ്രോഗങ്ങള്‍ക്കു വേറെ വഴി തേടേണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മദ്യപാനം രക്തസമ്മര്‍ദം വര്‍ധിക്കാനും രക്തത്തിലെ ഫാറ്റിന്റെ അളവു കൂട്ടാനും അതുവഴി ഹൃദ്രോഗത്തിനും വഴിയൊരുക്കും. ആരോഗ്യകരമായ ജീവിതത്തിന് അമിത മദ്യപാനം ഒഴിവാക്കുക.

അമിതഭക്ഷണം
തൂക്കം കൂടുന്നതാണ് ഹൃദ്രോഗങ്ങള്‍ വിളിച്ചുവരുത്തുന്ന മറ്റൊരു മാര്‍ഗം. ഭക്ഷണം കുറയ്ക്കുകമാത്രമാണ് ഇത്തരക്കാര്‍ക്കു നല്‍കാനുള്ള ഉപദേശം. മധുരമുള്ള പാനീയങ്ങളും ഒഴിവാക്കണം. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങളും വേണ്ട.

പുകവലി
പുകവലിയാണ് ഹൃദയാരോഗ്യത്തിന്റെ ഏറ്റവും വലിയ വില്ലന്‍. രക്തം കട്ടപിടിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത പുകവലിക്കുന്നവരിലാണ്. ഇതു ഹൃദയത്തിലേക്കുള്ള രക്തഓട്ടം തടസപ്പെടുത്തും. രക്തക്കുഴലുകളില്‍ രക്തം കെട്ടിക്കിടക്കുന്നത് ഹൃദ്രോഗത്തിന് വഴിയൊരുക്കുകയും ചെയ്യും. പുകവലിക്കുന്നവരില്‍ അമിത രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം, പൊണ്ണത്തടി എന്നിവയും പതിവാണ്. ഇതെല്ലാം ഹൃദയത്തെ ബാധിക്കുന്ന കാര്യമാണെന്നും മറക്കരുത്.

പഴങ്ങളും പച്ചക്കറികളും
ഹൃദയത്തിന് ഏറ്റവും വേണ്ടത് സസ്യാഹാരമാണ്. പഴങ്ങളും പച്ചക്കറികളും എത്രകഴിച്ചാലും അതു ഹൃദയത്തെ നന്നായി സഹായിക്കും. ജംഗ് ഫുഡ് പരമാവധി ഒഴിവാക്കുക. കടലകള്‍, പയര്‍, കൊഴുപ്പുകുറഞ്ഞ പാല്‍ എന്നിവയും നല്ലതുതന്നെ. ഓരോ തവണയുള്ള ഭക്ഷണവും പഴങ്ങളും പച്ചക്കറികളും സമൃദ്ധമായവ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

ഉപ്പ് വേണ്ടേ വേണ്ട
ഉപ്പാണ് ഹൃദയത്തിന്റെ മറ്റൊരു വില്ലന്‍. ഉപ്പു കൂടുതല്‍ കഴിക്കുന്ന രക്തസമ്മര്‍ദം വര്‍ധിക്കാന്‍ വഴിയൊരുക്കും. മസ്തിഷ്‌കാഘാതത്തിനും ഹൃദ്രോഗത്തിനും ഏറ്റവും സാധ്യത ഉപ്പുതന്നെയാണ് നല്‍കുന്നത്. ജംഗ്ഫുഡ് ഒഴിവാക്കുന്നതുതന്നെയാണ് ഉപ്പ് ശരീരത്തിലെത്തുന്നത് നിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News