ഇവര്‍ ഇങ്ങനെ താരങ്ങളായി; ബോളിവുഡിനെ അടക്കി ഭരിക്കുന്ന താരങ്ങള്‍ വെള്ളിത്തിരയിലെത്തിയതിന്റെ ചരിത്രം

ബോളിവുഡിനെ അടക്കി ഭരിക്കുന്ന താരങ്ങളാണ് ഇന്ന് കിംഗ്ഖാന്‍ ഷാരൂഖും ഭായ്ജാന്‍ സല്‍മാനും ലോകസുന്ദരി ഐശ്വര്യയും ഒക്കെ. എന്നാല്‍, വെള്ളിത്തിരയില്‍ എത്തുന്നതിന് മുമ്പ് എന്തായിരുന്നു ഇവരെല്ലാം എന്ന് ചിന്തിച്ചിട്ടുണ്ടോ. എങ്ങനെയാണ് ഇവരെല്ലാം വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ എത്തിയത്. ആദ്യമായി മുഖം കാണിച്ചത് എങ്ങനെയായിരുന്നു. അക്കാര്യങ്ങള്‍ അറിയാം. പരസ്യത്തിലൂടെ ആയിരുന്നു മിക്ക താരങ്ങളുടെയും അരങ്ങേറ്റം. ഷാരൂഖും ആമിറും സല്‍മാനും മുതല്‍ ഇങ്ങ് പ്രിയങ്ക ചോപ്രയും കത്രീന കൈഫും വരെ പരസ്യത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ആ പരസ്യ ചിത്രങ്ങളിലൂടെ ഒരു എത്തിനോട്ടം.

ഷാരൂഖ് ഖാന്‍
ബോളിവുഡിന്റെ ബാദ്ഷാ, കിംഗ്ഖാന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഷാരൂഖ് ഫൗജി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയതെന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍, അല്ല.. ഹീറോ പച് മോട്ടോര്‍ സൈക്കിളിന്റെ പരസ്യത്തിലായിരുന്നു കിംഗ്ഖാന്റെ അവതാരം. അതും രണ്ട് വ്യത്യസ്ത ലുക്കുകളില്‍. ഭരിക്കാന്‍ ഞാനിവിടെയുണ്ട് എന്ന ആ പരസ്യവാചകം പിന്നീട് കിംഗ്ഖാന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായി.

സല്‍മാന്‍ ഖാന്‍
ബോളിവുഡിന്റെ ഭായ്ജാന്‍ മേംനെ പ്യാര്‍ കിയായില്‍ അല്ല ആദ്യമായി എത്തിയത്. ബീവി ഹോ തോ ഐസിയാണോ എന്ന മറുചോദ്യവും വേണ്ട. ഭായ്ജാന്റെ അരങ്ങേറ്റം ഒരു കൂള്‍ ഡ്രിങ്കിന്റെ പരസ്യത്തിലായിരുന്നു. ലിംക എന്ന കൂള്‍ ഡ്രിങ്കിന്റെ പരസ്യത്തില്‍.

ഐശ്വര്യ റായ് ബച്ചന്‍/ആമിര്‍ ഖാന്‍
ലോകസുന്ദരിയുടെ കിരീടം ചൂടുന്നതിന് മുമ്പ് ഐശ്വര്യ റായും ക്യാമറയുടെ വെളിച്ചത്തിലേക്ക് എത്തിയിരുന്നു. ഒപ്പം മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന നമ്മുടെ സ്വന്തം ആമിര്‍ ഖാനും. രണ്ടുപേരും ഒരേ പരസ്യത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. പെപ്‌സിയുടെ പരസ്യത്തിലായിരുന്നു ഇരുവരുടെയും അരങ്ങേറ്റം.

ദീപിക പദുക്കോണ്‍
അജബ് സി അദായിയേം പാടി ബോളിവുഡ് പ്രേമികളുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠ നേടിയ ദീപിക പദുക്കോണ്‍. ആദ്യം എത്തിയത് ഓം ശാന്തി ഓമില്‍ ആയിരുന്നോ. അല്ല. ക്ലോസ് അപ്പിന്റെ ടൂത്ത് പേസ്റ്റ് പരസ്യത്തിലായിരുന്നു ദീപികയുടെ അരങ്ങേറ്റം.

പ്രിയങ്ക ചോപ്ര
ലോകസുന്ദരി പട്ടം ചൂടിയതിന് ശേഷമാണ് പ്രിയങ്ക ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. എന്നാല്‍ അതും സിനിമയിലോ സീരിയലിലോ ആയിരുന്നില്ല. ഹെയര്‍ ഓയിലിന്റെ പരസ്യത്തില്‍ ആയിരുന്നു. ഡാബറിന്റെ വാടിക ഓയിലിന്റെ പരസ്യത്തില്‍.

കത്രീന കൈഫ്
ഷീലാ കി ജവാനിക്കൊപ്പം ചുവടുവച്ച് കത്രീന കൈഫ് ബോളിവുഡിന്റെ സാമ്രാജ്യത്തിലേക്ക് ഒരു സുപ്രഭാതത്തില്‍ കടന്നു വരികയായിരുന്നു. എന്നാല്‍, ക്യാമറയ്ക്ക് മുന്നില്‍ കത്രീനയുടെ ആദ്യ അരങ്ങേറ്റം ഫെവികോളിന്റെ പരസ്യത്തിലായിരുന്നു.

വിദ്യ ബാലന്‍

ഹം പാഞ്ചിലെ രാധികാ മാഥൂറാണ് നമ്മുടെ ഓര്‍മയിലെ ആദ്യ വിദ്യ ബാലന്‍. പിന്നീട് പായിലെ പക്വമതിയായ അമ്മയായും ഭാര്യയായും ഡേര്‍ടി പിക്ചറിലെ സില്‍ക് സ്മിതയുടെ റോളിലും വിദ്യ തിളങ്ങി. വിദ്യയുടെ തുടക്കവും പരസ്യത്തിലൂടെയായിരുന്നു. ഒരു ഇഡ്‌ലിയുടെ പരസ്യത്തില്‍ ദക്ഷിണേന്ത്യന്‍ ഭാര്യയായിട്ടാണ് വിദ്യ പ്രത്യക്ഷപ്പെട്ടത്.

പ്രീറ്റി സിന്റ

കിംഗ്ഖാന്റെ ദില്‍സേയിലൂടെ ബോളിവുഡിന്റെ റാണിയായ പ്രീറ്റി, ബോളിവുഡിന്റെ ചോക്ലേറ്റ് നായികയുടെ ആദ്യ അരങ്ങേറ്റവും ചോക്ലേറ്റിന്റെ പരസ്യത്തിലൂടെയായിരുന്നു. കാഡ്ബറിയുടെ പെര്‍കിന്റെ പരസ്യത്തില്‍

ഷാഹിദ് കപൂര്‍
ഹൈദറിലെ നായകന്‍ ഷാഹിദ് കപൂറും പരസ്യത്തിലൂടെ തന്നെയായിരുന്നു. ഷാഹിദിന്റെ അരങ്ങേറ്റം എങ്ങനെയായിരുന്നെന്നല്ലേ. കോംപ്ലാന്റെ പരസ്യത്തിലൂടെ.

രാജ്കുമാര്‍ ഹിറാനി
പേരുകേട്ട് നെറ്റി ചുളിക്കേണ്ട. ബോളിവുഡില്‍ അടുത്തിടെ ഇറങ്ങിയ ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ തന്നെ. പരസ്യത്തിലും സംവിധായകനായി ക്യാമറയ്ക്ക് പിന്നിലല്ല ഹിറാനി. ക്യാമറയ്ക്ക് മുന്നില്‍ തന്നെ. ഫെവികോളിന്റെ പരസ്യത്തിലായിരുന്നു ഹിറാനിയുടെ ക്യാമറയ്ക്ക് മുന്നിലെ പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News