കള്ളപ്പണം: എന്ത് നടപടിയെടുത്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി; പ്രത്യേക സംഘം അന്വേഷണ പുരോഗതി അറിയിക്കണം

ദില്ലി: വിദേശത്തെ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ച്‌കൊണ്ടുവരുന്ന കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് എച്ച.് എല്‍. ദത്തു, മദന്‍ ബി. ലോകുര്‍, എ.കെ. സിക്രി എന്നിവരടങ്ങിയ ബഞ്ചാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയോട് വിശദീകരണം തേടിയത്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിന്മേല്‍ വിശദമായ വാദം കേള്‍ക്കാന്‍ കേസ് ഒക്ടോബര്‍ ഇരുപത്തെട്ടിലേക്ക് മാറ്റി.

അന്വേഷണ പുരോഗതി സംബന്ധിച്ച നാലാമത് റിപ്പോര്‍ട്ട് ഒക്ടോബര്‍ ഏഴിന് നല്‍കണമെന്ന് സുപ്രീംകോടതി പ്രത്യേക അന്വേഷണസംഘത്തോട് നിര്‍ദേശിച്ചു. ഇക്കാര്യം തയ്യാറാക്കി അടുത്തമാസം ആദ്യം അറിയിക്കാമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായ സിനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സുപ്രീം കോടതിയെ അറിയിച്ചു.

വിദേശത്തെ ബാങ്കുകളിലുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നിയമജ്ഞനായ രാംജെത്മലാനിയാണ് കോടതിയെ സമീപിച്ചത്. 2011ല്‍ നല്‍കിയ ഹര്‍ജിയില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here