ദില്ലി: വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് ഗ്രീന്‍പിസ് ഇന്ത്യയ്ക്ക് നല്‍കിയ അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഗ്രീന്‍പീസ് ഇന്ത്യയുടെ നിലപാടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശ ഫണ്ടിംഗ് ലൈസന്‍സ് റദ്ദാക്കിയത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പതിമൂന്നാം വകുപ്പ് അനുസരിച്ചാണ് നടപടി. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം സാമ്പത്തിക ചെലവിന്റെ 30 ശതമാനത്തിലധികം ഫണ്ട് ഗ്രീന്‍പീസിന് സ്വീകരിക്കാനാവില്ല.
ഖനനമേഖലകളില്‍ ഉള്‍പ്പടെ ഗ്രീന്‍പീസ് നടത്തുന്ന സമരങ്ങള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസമാകുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന് പിന്നില്‍ വിദേശശക്തികള്‍ ഉണ്ടെന്നും സര്‍ക്കാര്‍ വിരുദ്ധ അജണ്ടയുടെ ഭാഗമാണ് ഗ്രീന്‍പീസിന്റെ സമരങ്ങളെന്നും കേന്ദ്രം കരുതുന്നു. ഇതാണ് സംഘടനയുടെ വിദേശ വരുമാനം തടഞ്ഞ സര്‍ക്കാര്‍ നടപടിക്ക് പിന്നിലുള്ള വികാരമെന്നാണ് സൂചന.
ഗ്രീന്‍പീസിനെതിരായ നടപടി കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഗ്രീന്‍പീസ് ഇന്ത്യയ്‌ക്കെതിരായ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി നാളെ വിധി പറയുമെന്നാണ് സൂചന. രാജ്യത്ത് മാത്രം 340ലധികം പേരാണ് സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
സംഘടനയുടെ പ്രവര്‍ത്തനങ്ങളെ നിശബ്ദമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് ഗ്രീന്‍പീസിന്റെ നിലപാട്. എന്നാല്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഗ്രീന്‍പീസ് ഇന്ത്യയുടെ ഇടക്കാല സഹ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനുത ഗോപാല്‍ പറഞ്ഞു. പൊതു സ്വാതന്ത്ര്യങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ പുതിയ സര്‍ഗ്ഗാത്മക പ്രചരണം സംഘടിപ്പിക്കും. വിദേശഫണ്ട് സ്വീകരിക്കാനുള്ള രജിസ്‌ട്രേഷന്‍ റദ്ദാക്കിയത് വിയോജിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഗ്രീന്‍ പീസ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത് ആഭ്യന്തര തലത്തില്‍ സ്വരൂപിക്കുന്ന പണമാണ് കൂടുതല്‍ വിനിയോഗിക്കുന്നത്. അതിനാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത് ഗ്രീന്‍പീസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്നും സംഘടന വിശദീകരിക്കുന്നു.
ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയുടെ ലണ്ടന്‍ യാത്ര ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. ഏപ്രിലില്‍ അമേരിക്ക ആസ്ഥാനമായ ഫോര്‍ഡ് ഫൗണ്ടേഷന്‍ നല്‍കിയ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ സംഘടനയെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ഫണ്ടിംഗ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ നടപടി. ഗ്രീന്‍പീസ് ഇന്റര്‍നാഷണലിന്റെ പ്രചാരകന്‍ ആരോണ്‍ ഗ്രേ ബ്ലോക്കിന് ഇന്ത്യയിലേക്കുള്ള വിസ നിഷേധവും ഇതിന്റെ ഭാഗമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോണിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നിഷേധിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here