കറാച്ചി: ചലച്ചിത്ര കഥാപാത്രമായ മുന്നിയെന്ന പാകിസ്താനി പെണ്‍കുട്ടിയെപ്പറ്റി ഗീതയെന്ന ബധിരയും മൂകയുമായ 20കാരിക്ക് അറിവുണ്ടാവില്ല. സിനിമയിലെ മുന്നിക്ക് ഒരു രക്ഷകനുണ്ടായിരുന്നു. എന്നാല്‍ പാകിസ്താനില്‍ അകപ്പെട്ടുപോയ മുന്നിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ ആരും ഇതുവരെയും വന്നില്ല. നീതി തേടി സമീപിച്ച കോടതിയും ഇന്ത്യയുടെ മുന്നിക്ക് മുന്നില്‍ കണ്ണ് തുറന്നില്ല.
യഥാര്‍ത്ഥ മുന്നിക്ക് ജന്മനാട്ടില്‍ തിരിച്ചെത്താന്‍ കടമ്പകള്‍ ഇനിയുമേറെയാണ്. കറാച്ചിയിലെ ഈദി സ്ത്രീ അഭയകേന്ദ്രത്തില്‍ നിന്ന് ഗീത ജന്മനാട്ടില്‍ തിരിച്ചെത്തണമെങ്കില്‍ ഇനി രണ്ട് രാജ്യങ്ങള്‍ തീരുമാനമെടുക്കണം.
അറിയാതെ അതിര്‍ത്തിക്കപ്പുറം കടന്നുപോയ ഗീതയുടെ നിശബ്ദ നിലവിളി ഇന്ത്യയിലാരും കേട്ടില്ല. പാകിസ്താനിലെ പ്രാദേശിക കോടതി കനിഞ്ഞിരുന്നെങ്കില്‍ വിധി ഗീതയ്ക്ക് ആശ്വാസമായേനെ.
ബധിരയും മൂകയുമായ മുന്നിയെന്ന പാകിസ്താന്‍കാരി പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ഹിന്ദി ചലച്ചിത്രമാണ് ബജ്‌റംഗി ബൈജാന്‍. ഒന്‍പത് വര്‍ഷം മുന്‍പ് സമാനകഥ ജീവിതത്തില്‍ അരങ്ങേറിയത് ചലച്ചിത്രത്തിന് തിരക്കഥയെഴുതിയവര്‍ അറിഞ്ഞിട്ടുണ്ടാവില്ല. യഥാര്‍ത്ഥ കഥ ഗീതയെന്ന 20കാരിയുടെ ജീവിതത്തില്‍ സംഭവിച്ചത് 9വര്‍ഷം മുന്‍പ്. കറാച്ചിയിലെ അഭയകേന്ദ്രത്തില്‍ കഴിഞ്ഞ ഇന്ത്യന്‍ മുന്നി ഗീതയുടെ കഥ പുറത്തുവരുന്നത് പക്ഷേ ഇപ്പോള്‍ മാത്രമാണ്.
ദുരന്തജീവിതം പുറത്തുവന്നതോടെ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവന്‍ കറാച്ചിയിലെ അഭയകേന്ദ്രത്തിലെത്തി ഗീതയെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ മുന്നിയെ ജന്മനാട്ടിലെത്തിക്കാന്‍ അടിയന്തരമായി ഇടപെടുമെന്നാണ് ഹൈക്കമ്മീഷണര്‍ നല്‍കിയ ഉറപ്പ്. ഹൈക്കമ്മീഷണറുടെ ഇടപെടല്‍ യാഥാര്‍ത്ഥ്യമായാല്‍ ഗീതയ്ക്ക് ലഭിക്കുന്നത് നഷ്ടപ്പെട്ട ജീവിതമാകും. മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത് ഒന്‍പത് വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട മകളെയും.
Get real time update about this post categories directly on your device, subscribe now.
Discussion about this post