ഇനി ദുരന്ത കഥാപാത്രം അവതരിപ്പിക്കാനില്ലെന്ന് കങ്കണ റണാവത്ത്; കട്ടി ബാട്ടിയിലേത് അവസാന കഥാപാത്രം

മുംബൈ: ഇനി ഒരിക്കലും സിനിമയില്‍ ദുരന്ത കഥാപാത്രങ്ങളെ അവതരിപ്പിക്കില്ലെന്ന് കങ്കണ റണാവത്ത്. കട്ടി ബാട്ടിയിലെ പായല്‍ തന്റെ കരിയറിലെ അവസാന ദുരന്ത കഥാപാത്രം ആയിരിക്കുമെന്നും കങ്കണ അറിയിച്ചു. പായല്‍ താന്‍ ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും ദുരന്തനായികയാണ്. എപ്പോഴും കരയുന്ന കഥാപാത്രമാണ് കട്ടി ബാട്ടിയിലെ പായല്‍. കഥാപാത്രം അഭിനയിച്ചു കഴിഞ്ഞ ശേഷം തനിക്ക് വിശപ്പ് പോലും നഷ്ടപ്പെട്ടു. താന്‍ വല്ലാതെ തകര്‍ന്നു പോയെന്നും കങ്കണ പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തിലേക്ക് വളരെ വേഗം തിരിച്ചെത്താനാവാത്ത വിധം അത്രത്തോളം ദുരന്ത കഥാപാത്രമാണ് പായല്‍ എന്നാണ് കങ്കണ പറയുന്നത്.

കഥാപാത്രം കണ്ട ശേഷം അമ്മ തന്നെ വന്ന് കണ്ടിരുന്നു. ഇത്രയും ദുരന്തപൂര്‍ണമായ കഥാപാത്രങ്ങള്‍ ഇനിയും ജീവിതത്തില്‍ ചെയ്യരുതെന്നാണ് അമ്മ ഉപദേശിച്ചത്. ഈ പ്രായത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ വേണ്ടെന്നാണ് അമ്മയുടെ ഉപദേശം. സിനിമയാണ് എല്ലാം എന്ന് വിചാരിക്കരുത്. ഇത്തരം കഥാപാത്രങ്ങള്‍ നിന്നെ തകര്‍ക്കും എന്ന് അമ്മ മുന്നറിയിപ്പ് നല്‍കി. അത് സത്യമാണ്. ഈ കഥാപാത്രം തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നതായും കങ്കണ പറഞ്ഞു.

പായല്‍ പോലെ ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യാന്‍ മാത്രം ശക്തയല്ല താനെന്ന് കങ്കണ പറയുന്നു. നിഖില്‍ അഡ്വാനിയാണ് കട്ടി ബാട്ടിയുടെ സംവിധായകന്‍. ഇമ്രാന്‍ ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഈമാസം 18ന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here