മുംബൈ: മത്സരത്തിനിടെ കളിക്കളത്തില്‍ സഹതാരവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് മരിച്ച ക്രിക്കറ്റ് താരം അങ്കിത് കേസരിയുടെ കുടുംബത്തിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കും. ബിസിസിഐയുടെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പോളിസിയില്‍ പെടുത്തി 25 ലക്ഷം രൂപയാണ് ബിസിസിഐ അങ്കിത് കേസരിയുടെ കുടുംബത്തിന് നല്‍കുക. ഇതിനുള്ള ചെക്ക് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ കൈമാറും. ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ് ബംഗാളിലെ ഡിവിഷന്‍ ക്രിക്കറ്റ് മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് ഈസ്റ്റ് ബംഗാള്‍ താരമായിരുന്ന അങ്കീത് കേസരി മരിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ സീനിയര്‍-ജൂനിയര്‍ താരങ്ങള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ബിസിസിഐ നല്‍കുന്നുണ്ട്.
ഇന്‍ഷുറന്‍സ് കമ്പനി 25 ലക്ഷം രൂപയുടെ ചെക്ക് ബിസിസിഐ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. ഇത് ഉടന്‍ തന്നെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് അയച്ചു കൊടുക്കും. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനായിരിക്കും അങ്കീതിന്റെ കുടുംബത്തിന് ചെക്ക് കൈമാറുകയെന്ന് ബിസിസിഐ ജനറല്‍ സെക്രട്ടറി രത്‌നാകര്‍ ഷെട്ടി പറഞ്ഞു. എന്നാല്‍, ഇന്‍ഷ്വറന്‍സ് തുകയുടെ വാര്‍ത്ത അങ്കീതിന്റെ പിതാവ് രാജ് കുമാര്‍ കേസരിയില്‍ ആശ്ചര്യമാണുണ്ടാക്കിയത്. ഇങ്ങനെയൊരു ഇന്‍ഷ്വറന്‍സിനെ പറ്റി തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലെ ആരും ഇക്കാര്യം താനുമായി പങ്കുവച്ചിട്ടില്ലെന്നും രാജ് കുമാര്‍ കേസരി പറഞ്ഞു.
കഴിഞ്ഞയാഴ്ച ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും മകന്റെ പേരില്‍ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്ന ആഗ്രഹമാണ് പിതാവ് പങ്കുവച്ചിരുന്നത്. അങ്കീതിന്റെ മരണത്തെ തുടര്‍ന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പത്തുലക്ഷം രൂപ വീതവും ഈസ്റ്റ് ബംഗാള്‍ അഞ്ച് ലക്ഷം രൂപയും അങ്കീതിന്റെ കുടുംബത്തിന് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ പതിനാറാമനായി ടീമില്‍ ഉള്‍പ്പെടുത്തി നൈറ്റ് റൈഡേഴ്‌സ് അങ്കീതിന് ആദരം അറിയിക്കുകയും ചെയ്തിരുന്നു.

Get real time update about this post categories directly on your device, subscribe now.