സംസാരത്തിനിടെ കോള്‍ കട്ടായാല്‍ ടെലികോം കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ്

ദില്ലി: ഫോണില്‍ സംസാരിക്കുന്നതിനിടെ കോള്‍ വിച്ഛേദിക്കപ്പെട്ടാല്‍ സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. ഇതുസംബന്ധിച്ച് രണ്ട് നിര്‍ദ്ദേശങ്ങളാണ് ട്രായ് ടെലികോം കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ളത്. ഒന്നുകില്‍ വിച്ഛേദിക്കപ്പെട്ട കോളുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക. അല്ലെങ്കില്‍ സൗജന്യ കോള്‍ മിനിറ്റുകള്‍ ഉപഭോക്താവിന് നല്‍കുക എന്നിവയാണ് ട്രായിയുടെ നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ അഭിപ്രായ രൂപീകരണത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. കോള്‍ ഡ്രോപ്പിംഗ് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ട്രായിയുടെ പുതിയ നിര്‍ദേശം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ടെലികോം മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു.

കോള്‍ ഡ്രോപ്പിംഗ് ആശങ്കാജനകമായി വര്‍ധിച്ചതായി ട്രായ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് ട്രായ്ക്ക് ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പരാതി അറിയിക്കുന്നുണ്ട്. സംസാരത്തിനിടെ കോള്‍ കട്ടാകുന്നത് ആശയവിനിമയത്തെ ബാധിക്കുന്നതായി ആളുകള്‍ പരാതിപ്പെട്ടു. പലതവണ വിളിച്ച ശേഷമാണ് ആശയവിനിമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നത്. പണം അടച്ചിട്ട് പോലും എന്തിനാണ് ഇങ്ങനെ കോള്‍ വിച്ഛേദിക്കപ്പെടുന്നത് എന്ന ചോദ്യമാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നതെന്ന് ട്രായ് അധികൃതര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇതുസംബന്ധിച്ച് ട്രായ് സ്വതന്ത്ര പരിശോധന നടത്തിയിരുന്നു. ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ഇത് അനുവദനീയമായ അളവിലും കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നെറ്റ്‌വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതും കാര്യമായി നിക്ഷേപം നടത്തി അറ്റകുറ്റപ്പണി നടത്താത്തതുമാണ് ഇതിന് പ്രധാന കാരണമെന്നാണ് സൂചന.ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങളില്‍ ഈമാസം 21നകം അഭിപ്രായം അറിയിക്കാനാണ് ഓഹരി ഉടമകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മറുപടി 28ന് തന്നെ നല്‍കും. കോള്‍ ഡ്രോപ്പായാല്‍ അതിന് ഉപഭോക്താവില്‍ നിന്ന് ചാര്‍ജ് ഈടാക്കരുതെന്നും നിര്‍ദേശിക്കുന്നു. കോള്‍ പൂര്‍ണമാകാതെ കട്ടായാല്‍
ഈടാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്നും ട്രായ് നിര്‍ദ്ദേശിക്കുന്നു.

നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഇവയാണ്. ഒരാള്‍ കോള്‍ തുടങ്ങി അഞ്ച് സെക്കന്‍ഡിനകം കട്ടായാല്‍ അതിന് നിരക്ക് ഈടാക്കാന്‍ പാടില്ല. അഞ്ച് സെക്കന്‍ഡിന് ശേഷമാണ് കട്ടാകുന്നതെങ്കില്‍ ആ സമയത്തിന്റെ അവസാന പള്‍സിന് നിരക്ക് ഈടാക്കാന്‍ പാടില്ല. വിദേശ രാജ്യങ്ങളില്‍ ടെലികോം സേവന ദാതാക്കള്‍ ഡ്രോപ്പാകുന്ന കോളുകള്‍ക്ക് ടോക് ടൈം ക്രെഡിറ്റ് നല്‍കുന്നുണ്ട്. അമേരിക്ക, ബംഗ്ലാദേശ്, പാകിസ്താന്‍, തായ്‌ലന്‍ഡ് എന്നീ രാഷ്ട്രങ്ങളിലാണ് ഇതുള്ളതെന്നും ട്രായ് പറയുന്നു. ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുമെന്നാണ് ട്രായ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News