അമൂല്യമായ ഗോരോചനക്കല്ല് അറ്റ്‌ലസ് രാമചന്ദ്രന്റെ പറമ്പിൽ കഴിഞ്ഞ കാളയുടെ വയറ്റിൽ; അത്യപൂർവമായി കാണുന്ന കല്ലിന് പത്തു ലക്ഷം രൂപ വിലവരുമെന്ന് വിദഗ്ധർ

തൃശൂർ: കേട്ടുപരിചയം മാത്രമുള്ള അമൂല്യമായ ഗോരോചനക്കല്ല് നഗരത്തിൽ അലഞ്ഞുനടന്ന കാളയുടെ വയറ്റിൽനിന്നു കണ്ടെത്തി. വടക്കേചിറയ്ക്ക് സമീപം അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥലത്ത് കോർപറേഷന്റെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന കാളയുടെ വയറ്റിൽ നിന്നാണ് കല്ല് കണ്ടെത്തിയത്. ഇന്നലെ ചത്ത കാളയെ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് പിത്തസഞ്ചിയിൽ നിന്ന് ഗോരോചനക്കല്ല് കണ്ടെത്തിയത്.

അരക്കിലോ തൂക്കം വരുന്ന കല്ലിനു പത്തു ലക്ഷം രൂപ വിലമതിക്കുമെന്നാണ് വിലയിരുത്തുന്നത്. പശുക്കളിൽ അത്യപൂർവമായി മാത്രം കാണുന്ന പ്രതിഭാസമാണ് ഗോരോചനക്കല്ലെന്നും സമീപകാലത്തൊന്നും ഇത്തരമൊരു അനുഭവമില്ലെന്നും വെറ്ററിനറി ഡോക്ടർ പി.ബി ഗിരിദാസ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ തൃശൂർ പൂരത്തോടനുബന്ധിച്ച് അലഞ്ഞുനടക്കുന്ന കന്നുകാലികളെ തളയ്ക്കുന്നതിന്റെ ഭാഗമായി ഈ കാളയെ കോർപറേഷൻ പിടികൂടുകയായിരുന്നു. കമ്പി കൊണ്ട് കുടുക്കിട്ടതിനെ തുടർന്ന് കാളയുടെ മുൻകാലിലെ കുളമ്പ് അറ്റുപോവുകയും പഴുപ്പ് ബാധിക്കുകയും ചെയ്തു. തുടർന്ന് പീപ്പിൾ ഫോർ അനിമൽ വെൽഫെയർ (പോസ്)പ്രവർത്തകർ കാളയെ ഏറ്റെടുത്തു. തുടർന്ന് ചികിൽസ കഴിഞ്ഞതോടെ കോർപറേഷൻ അധികൃതർ കാളയെ ഏറ്റെടുത്ത് അറ്റ്‌ലസ് രാമചന്ദ്രന്റെ പറമ്പിൽ കെട്ടിയിട്ടു തീറ്റനൽകി സംരക്ഷിച്ചുവരികയായിരുന്നു.

അതേസമയം, കല്ലിന്റെ അവകാശത്തെ ചൊല്ലി വെറ്ററിനറി ഡോക്ടർമാരും മൃഗക്ഷേമ പ്രവർത്തകരും തർക്കത്തിലാണ്. കല്ല് വെറ്ററിനറി മ്യൂസിയത്തിൽ പ്രദർശനത്തിന് വയ്ക്കാമെന്നു ഡോക്ടർമാർ നിർദേശിച്ചെങ്കിലും മൃഗക്ഷേമ പ്രവർത്തകർ അതിനു തയാറായില്ല. കല്ല് കാളയെ സംരക്ഷിച്ച തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ വാദം. തർക്കത്തെ തുടർന്നു കോർപറേഷൻ വെറ്ററിനറി സർജൻ ഡോ.മിഥുൻ ഗോരോചനക്കല്ല് ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News