മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ 11 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തി; ക്രമക്കേട് തൃശൂര്‍ ത്രിവേണി ഫാര്‍മസി കോളജിന്റെ നിര്‍മാണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍; തച്ചങ്കരിയുടെ സ്ഥാനചലനത്തിന് കാരണം ഈ അന്വേഷണ റിപ്പോര്‍ട്ട്

സഹകരണമന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ 11 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി കോളേജിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍. ടോമിന്‍ തച്ചങ്കരിയെ മാറ്റാന്‍ മന്ത്രി ആവശ്യപ്പെട്ടത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് സൂചന. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിട്ടു.

സഹകരണമന്ത്രി മന്ത്രി സി.എന്‍. ബാലകൃഷണന്റെ പ്രത്യേക താല്‍പര്യ പ്രകാരം തൃശൂരില്‍ സ്ഥാപിച്ച ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി കോളജിന് വേണ്ടി സ്ഥലം വാങ്ങിയതിലും കെട്ടിടം നിര്‍മ്മിച്ചതിലും വന്‍ ക്രമക്കേട് നടത്തിയെന്നാണ് കണ്‍സ്യൂമര്‍ഫെഡ് എംഡിയുടെ അന്വേഷണ റിപ്പോര്‍ട്ട്. 5 കോടി രൂപയുടെ സാമ്പത്തിക വെട്ടിപ്പിന് തെളിവുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.എന്‍. ബാലകൃഷണന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ തൃശൂരിലെ പ്രിയദര്‍ശിനി ആശുപത്രിയുടെ ഭാഗമായിരുന്ന സ്ഥലമാണ് വാങ്ങിയത്. 7,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം മാത്രമാണ് കോളജിന് ആവശ്യമെന്നിരിക്കെ 45,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിച്ചു. കോളജിന്റെ കെട്ടിടത്തില്‍ സഹകരണ മന്ത്രിക്ക് വേണ്ടി വലിയ ആഡംബര മുറി ഒരുക്കി.

2013 – 14 സാമ്പത്തിക വര്‍ഷം മാനേജ്‌മെന്റ് സീറ്റില്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും 50,000 രൂപ വീതം ഈടാക്കി. എന്നാല്‍ 35,000 രൂപയുടെ രസീത് മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 15,000 രൂപ വീതം ഫീസിനത്തില്‍ തട്ടിപ്പ് നടത്തി. ടാക്‌സി, പ്രിന്റിംഗ്, ഫര്‍ണിച്ചര്‍ തുടങ്ങിയ ചെലവുകളുടെ കണക്കുകള്‍ അംഗീകരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

സഹകരണ മന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ അന്വേഷണ ശുപാര്‍ശ കണ്‍സ്യൂമര്‍ഫെഡ് എംഡി ടോമിന്‍ തച്ചങ്കരി വിജിലന്‍സിന് കൈമാറി. ഇതാണ് തച്ചങ്കരിയുടെ സ്ഥാനചലനത്തിന് മന്ത്രി സി.എന്‍. ബാലകൃഷണന്‍ തിടുക്കം കൂട്ടാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News